തിരുവനന്തപുരം: സഹോദരിയുടെ മൃതദേഹത്തിലേക്ക് ഏറെ നേരം നോക്കി നിന്നു.. പിന്നെ വിതുമ്പി… ഒടുവിൽ കണ്ണീരടക്കി. പ്രാർഥനാ നിർഭരമായ നിമിഷങ്ങൾ… കത്തിത്തീരുവോളം ചിതയ്ക്കരികിൽ നിറമിഴികളുമായി സഹോദരി നോക്കി നിന്നു.
കോവളത്തിനു സമീപം വാഴമുട്ടത്തു കണ്ടൽക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ വിദേശ യുവതിയുടെ മൃതദേഹം തൈക്കാട് ശാന്തി കവാടത്തിൽ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. ചിതാഭസ്മവുമായി സഹോദരി താമസസ്ഥലത്തേക്കു മടങ്ങി.
മന്ത്രി കടകംപള്ളി സുരേന്ദ്രനും പോലീസും സംസ്കാര ചടങ്ങിനെത്തിയിരുന്നു. ശാന്തി കവാടത്തിൽ അന്തിമ ചടങ്ങു നടന്ന ഹാളിൽ വിവിധ സംഘടനകൾക്കുവേണ്ടി മൃതദേഹത്തിൽപുഷ്പചക്രം അർപ്പിച്ചു.
കത്തോലിക്കാ മതാചാരപ്രകാരമാണു സംസ്കാര ചടങ്ങുകൾ നടന്നത്. തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോണ്‍. യൂജിൻ പെരേര ഇംഗ്ലീഷിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഗായകസംഘവും ചടങ്ങിൽ പങ്കാളികളായി. മോണ്‍. യൂജിൻ പെരേര ചരമ പ്രസംഗം നടത്തി.
മതാചാരപ്രകാരമുള്ള പ്രാർത്ഥനയ്ക്കുശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിർദേശ പ്രകാരം എല്ലാവരേയും ഹാളിൽ നിന്നു പുറത്തിറക്കി. സ്വകാര്യ ചടങ്ങായി നടത്തണമെന്ന ആഗ്രഹം ബന്ധുക്കൾ പ്രകടിപ്പിച്ചതിനാലാണിത്. അതിനുശേഷം കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ഹാളിലെത്തി.
ശാന്തി കവാടത്തിൽ വൈദ്യുതിയിലും വിറകടുപ്പിലും ദഹിപ്പിക്കുന്ന സംവിധാനമുണ്ട്. വിറകിൽ ദഹിപ്പിക്കണമെന്ന് ആഗ്രഹം ബന്ധുക്കൾ അറിയിച്ചിരുന്നു. വിറകടുപ്പിലേക്ക് മൃതദേഹം കയറ്റിയതോടെ സഹോദരി വിങ്ങിപ്പൊട്ടി പുറത്തേക്കു നീങ്ങി. ഇതോടെ എല്ലാവരേയും സംസ്കാര സ്ഥലത്തുനിന്ന് പുറത്തിറക്കിയശേഷം ഷട്ടറിട്ടു.
ഏറെ നേരത്തിനുശേഷം സഹോദരി മടങ്ങിയെത്തിയശേഷം ചിതയ്ക്കു തീകൊളുത്തി. കത്തിക്കാൻ കൊണ്ടുവന്ന മെഴുകുതിരികളും സാമ്പ്രാണിത്തിരികളും ചിതയിൽ ഇട്ടു. ചിതയണഞ്ഞതോടെ ജീവനക്കാർ ചിതാഭസ്മം കൈമാറി. മരിച്ച യുവതിയുടെ ഭർത്താവും ലാത്വിയയിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ ഏതാനും പേരും അന്തിമ ചടങ്ങുകളിൽ പങ്കാളികളായി.
ചിതാഭസ്മം നാട്ടിലേക്കു കൊണ്ടുപോകുമെന്നാണു ബന്ധുക്കൾ അറിയിച്ചത്. ചിതാഭസ്മം വീട്ടിൽ സൂക്ഷിക്കരുതെന്നും പൂന്തോട്ടത്തിലിട്ട് അവിടെ മരം നടണമെന്നും നിർദേശിച്ചതായി മോണ്‍. യൂജിൻപേരെര പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം നിശാഗന്ധിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിനുശേഷം അടുത്ത ദിവസം സഹോദരി നാട്ടിലേക്കു മടങ്ങും. മാർച്ച് 14ന് വാഴമുട്ടത്ത് കാണാതായ യുവതിയുടെ മൃതദേഹം ഒരുമാസത്തിനുശേഷമാണ് ജീർണാവസ്ഥയിൽ കണ്ടെത്തിയത്.