കര്‍ണാടക നിയമസഭയില്‍ സ്വര്‍ണബിസ്‌ക്കറ്റ് വിവാദം; നിയമസഭയുടെ ഡയമണ്ട് ജ്യൂബിലി ആഘോഷത്തില്‍ എംഎല്‍എമാര്‍ക്ക് 55000 രൂപ വിലവരുന്ന സ്വര്‍ണബിസ്‌ക്കറ്റ് നല്‍കാനുള്ള നിര്‍ദ്ദേശത്തിനെതിരേ വ്യാപക പ്രതിഷേധം

 

ബെംഗളൂരു: കോടികള്‍ ചെലവാക്കി കര്‍ണാടക വിധാന്‍ സൗധയുടെ (നിയമസഭ) 60ാം വാര്‍ഷികം ആഘോഷിക്കാനുളള നിര്‍ദേശം വിവാദമാകുന്നു. ആഘോഷങ്ങളുടെ ഭാഗമായി എംഎല്‍എമാര്‍ക്കും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ സമ്മാനമായി നല്‍കാനുളള നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചുവെന്ന് നിയമസഭാ സ്പീക്കര്‍ കെ.ബി.കൊലിവാഡ് പറഞ്ഞതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. സ്പീക്കറുടെ ഈ നിര്‍ദേശത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

കര്‍ണാടകയുടെ സംസ്ഥാന ചിഹ്നം പതിപ്പിച്ച 13 ഗ്രാം വീതമുള്ള സ്വര്‍ണബിസ്‌ക്കറ്റും വിധാന്‍ സൗധയുടെ ചെറിയ മാതൃകയുമാണ് അംഗങ്ങള്‍ക്ക് സമ്മാനമായി നല്‍കാന്‍ നിര്‍ദേശം സമര്‍പ്പിച്ചിട്ടുളളത്. ഒരു സ്വര്‍ണ ബിസ്‌ക്കറ്റിന് 55,000 രൂപയോളം ചെലവു വരും. ആറായിരം രൂപ വിലയുളള വെള്ളിപ്പാത്രങ്ങള്‍ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കാനും സ്പീക്കര്‍ നല്‍കിയ നിര്‍ദേശത്തിലുണ്ട്. 26.87 കോടി രൂപയുടെ ചെലവാണ് ആഘോഷങ്ങള്‍ക്കായി കണക്കാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 25, 26 തീയതികളിലാണ് കര്‍ണാടക വിധാന്‍ സൗധയുടെ അറുപതാം വാര്‍ഷിക ആഘോഷം.

സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് കര്‍ണാടക ഭരിക്കുന്നത്. അതേസമയം, കോടികള്‍ ചെലവഴിച്ചുളള ആഘോഷങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിനകത്തുനിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആഘോഷങ്ങള്‍ക്ക് ഇത്രയധികം പണം ചെലവഴിക്കുന്നതും നികുതിപ്പണം ഇതുപോലെ ഉപയോഗിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ബിജെപിയും സ്പീക്കറുടെ നിര്‍ദേശത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

Related posts