“ട്രസ്റ്റ് എന്നാൽ ഞാനും അപ്പനും സുഭദ്രയും” എന്നൊരു പ്രയോഗം സിനിമ തന്നെ മലയാളികൾക്കു പരിചയപ്പെടുത്തിയതാണ്. ആറാം തന്പുരാനിൽ കണിമംഗലം ദേശക്കാർക്കു ഉത്സവം നടത്താൻ തടസം നിന്നുകൊണ്ടു കുളപ്പുള്ളി അപ്പനുവേണ്ടിയുള്ള ഡയലോഗാണിത്.
ഡബ്യൂസിസി എന്ന സംഘടനയ്ക്കു നേരേ ഇപ്പോൾ പടക്കളത്തിൽ നിന്നുതന്നെ പല ശബ്ദം ഉയരുന്പോൾ ഈ ഡയലോഗ് പ്രസക്തമാവുകയാണ്. മാൻഹോൾ, സ്റ്റാൻഡ് അപ് എന്നീ ചിത്രങ്ങളുടെ സംവിധായിക വിധു വിൻസെന്റിന്റെ ഭാഷയിൽ പറഞ്ഞാൽ ചില വരേണ്യ വർഗത്തിന്റെ ട്രസ്റ്റായി മാറിയിരിക്കുന്നു ഡബ്യൂസിസി.
അവർ തീരുമാനിക്കുന്നു, അവർ അതിർ വരന്പുകൾ സൃഷ്ടിക്കുന്നു, അവർക്കു വേണ്ടി അതു വളച്ചൊടിക്കുന്നു!
നടി അക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് ഡബ്യൂസിസി എന്ന സംഘടനയുടെ ദ്രുത ജനനം. സിനിമയിലേയും സിനിമാ പരിസരങ്ങളിലേയും സ്ത്രീ വിരുദ്ധത ചൂണ്ടിക്കാണിക്കുക, സിനിമയുടെ സമസ്ത മേഖലയിലുമുള്ള സ്ത്രീകൾക്കു അന്തസോടെ ജോലി ചെയ്യാനാൻ ഉതുകുന്ന സാഹചര്യമൊരുക്കുക എന്നതൊക്കെയായിരുന്നു ഡബ്ല്യൂസിസിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.
മൂന്നാം വർഷത്തിലെത്തി നിൽക്കുന്ന ഈ സംഘടനയുടെ കഴിഞ്ഞ നാളുകളിൽ കൊഴിഞ്ഞു പോക്കലും പിന്നോക്കം പോക്കും മാത്രമാണ് സിനിമാ ലോകവും പ്രേക്ഷകവൃന്ദവും കണ്ടത്. മുന്നിൽ നിന്ന പലരും പിൻവാങ്ങി. പതിയെ സംഘടനയിൽ നിന്നു ചിലരിൽ മാത്രം കറങ്ങിത്തിരിയുന്ന സംഘമായി അതു ചുരുങ്ങി.
അതിനു പിന്നാലെയാണ് ഇപ്പോൾ സ്ഥാപിത മെന്പറായ വിധു വിൻസെന്റിന്റെ തുറന്നുപറച്ചിലും ചോദ്യം ചെയ്യലും ഡസ്യൂസിസിയെ പ്രശ്നത്തിലാക്കിയിരിക്കുന്നത്. അവസരവാദവും ഇരട്ടത്താപ്പും വരേണ്യ ധാർഷ്ട്യവും ഇവിടം കളം പിടിച്ചു കഴിഞ്ഞെന്നു അവർ തുറന്നു പറഞ്ഞിരിക്കുന്നു. വാക്കുകൾക്കുള്ളിൽ വാൾ മുനയൊളിപ്പിച്ചു നിർത്തി അതു ചൂണ്ടുന്നത് ചിലരിലേക്കാണ്.
എന്നാൽ ഒപ്പം നിന്നവരെ തള്ളിപ്പറയുന്നില്ല എന്നതും വിധുവിന്റെ തുറന്നു പറച്ചിലിലെ സത്യസന്ധത തെളിയിക്കുന്നു. അതുകൊണ്ടു തന്നെ സംഘടനയുടെ ജനന നാളുകളിൽ ഉയർന്ന ചോദ്യം വീണ്ടും പ്രസക്തമാകുന്നു? ഡബ്ല്യൂസിസിയുടെ ലക്ഷ്യം ഒരു നടൻ മാത്രമോ? വിവാദ നായകനെവെച്ചു സിനിമ സംവിധാനം ചെയ്ത സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ വിധുവിന്റെ ചിത്രത്തിന്റെ നിർമാതാവായതു മുതലാണ് പ്രത്യക്ഷമായി ഡബ്ല്യൂസിസിയിലെ ചില “പ്രിവിലേജ്ഡ് ലെയറി’ലുള്ളവരിൽ നിന്നും തെളിഞ്ഞും ഒളിഞ്ഞും വിധുവിനു നേരേ ശബ്ദം ഉയർന്നത്. അതിനു പിന്നിലും മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ എല്ലാവർക്കും ദീദിയായ ഒരു സിനീയർ സിറ്റിസണ് തീർത്ത പകപോക്കലോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
ഒരു തൊഴിലിടം എന്ന നിലയിൽ യോജിക്കാവുന്നതിനോടു യോജിക്കുകയും വിയോജിക്കേണ്ടതിനു നേരേ കൈ ചൂണ്ടി പറയുകയുമാണു വേണ്ടതെന്ന സിനിമയിൽ തുടക്കക്കാരി മാത്രമായ വിധുവിന്റെ നിലപാട് ചിലപ്പോൾ ഈ പ്രിവിലേജ്ഡ് താരമുഖങ്ങൾക്ക് ദഹിക്കുകയില്ല. അവർ മറ്റുള്ളവർക്കു വേണ്ടി സൃഷ്ടിക്കുന്ന അസ്പൃശ്യത അവരുടെ അവസരവാദത്തിനുവേണ്ടിയുള്ളതാണ്.
അതുകൊണ്ടാണല്ലോ “ഉയരേയിൽ സിദ്ധിഖിനൊപ്പമോ പാർവതി’ എന്ന ചോദ്യം ചെയ്തപ്പോൾ പാർവതിക്കു “”തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഇല്ലായിരുന്നു” എന്ന ന്യായീകരണ വക്താവായി റിമ കല്ലുങ്കൽ എത്തിയത്. തോളിൽ കൈയിട്ടുനിന്ന ആളിന്റെ സിനിമ സ്വപ്നങ്ങൾക്കൊപ്പം നിൽക്കാനുള്ള അവസരത്തിൽ മറുപടി പറയാതെ ആ താരം “അസൽ സിനിമാക്കാരി’യായി അവരെ അപമാനിതയാക്കി വിട്ടു.
കരിയറിന്റെ ടേക്ക് ഓഫിൽ ഉയരങ്ങൾ താണ്ടുന്പോഴും ഒപ്പം നിൽക്കുന്നവരെ മാത്രമല്ല, തന്നേക്കാൾ താഴെയുള്ളവരെ കൈ പിടിച്ചുയർത്താൻകൂടി എന്തേ ഈ വരേണ്യ വർഗത്തിനു സാധിക്കുന്നില്ല.
പറഞ്ഞും പറയാതെയും ഡബ്ല്യൂസിസിയെ പ്രതിക്കൂട്ടിലാക്കി ഇനി ഒന്നിച്ചു യാത്രയില്ല എന്നു പറഞ്ഞു വിധു രാജിവെച്ചൊഴിഞ്ഞിരിക്കുന്നു. അതിനു പിന്നാലെ സംസ്ഥാന പുരസ്കാര ജേതാവും കോസ്റ്റ്യൂം ഡിസൈനറുമായ സ്റ്റെഫി സേവ്യറിന്റെ വെളിപ്പെടുത്തലും.
സ്ത്രീപുരോഗമനവും തുല്യതയും അവകാശപ്പെടുന്ന ഡബ്ല്യൂസിസിയിലെ തലതൊട്ടപ്പ നിരയിലെ ഒരാളുടെ ചിത്രത്തിൽ ജോലി ചെയ്തതിന്റെ മോശം അനുഭവമാണ് സ്റ്റെഫി സധൈര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ബാലതാരമായി എത്തി നടിയായി സംവിധായകന്റെ ഭാര്യയായിമാറി സമീപകാലത്ത് ഏറെ പ്രശസ്തി നേടിയ ചിത്രത്തിന്റെ സംവിധായികയോട് ജോലി ചെയ്തതിന്റെ പ്രതിഫലം ചോദിച്ചപ്പോഴാണ് ആളിന്റെ ക്ലാസ് ഡയലോഗ് സ്റ്റെഫിക്കു കേൾക്കേണ്ടി വന്നത്. സ്റ്റെഫി ജനിക്കുന്പോൾ ഞാൻ സിനിമയിൽ വന്നയാളാണ് എന്ന്.
മൂത്തോന്റെ കഥ പറഞ്ഞ, തുല്യത പ്രസംഗത്തിൽ മാത്രം ഒതുക്കുന്ന പ്രിവിലേജ്ഡ് താരം ഇനിയും എത്രയോ മൂക്കാനുണ്ടെന്നു ഈ സംഭവം തെളിയിക്കുന്നു. അന്തപ്പുരവാസികളായ ഈ ക്ലാസ് വിഭാഗം സൃഷ്ടിക്കുന്ന ജാതി വർഗ സമൂഹത്തിൽ സാഹോദര്യം എന്ന ആശയത്തിനു പരിമിതികൾ സൃഷ്ടിക്കുന്പോൾ വിധുവും സ്റ്റെഫിയും തുറന്നു പറഞ്ഞു കഴിഞ്ഞു, ഞങ്ങൾ ഈ സ്കൂളിൽ പെട്ടവരല്ലെന്ന്! വരും നാളുകളിൽ കൂടുതൽ വെളിപ്പെടുത്തൽ പ്രതീക്ഷിക്കുന്നുമുണ്ട്. ഇങ്ങനെ തുറന്നു പറച്ചിലും ചോദ്യങ്ങളും ഉയരുന്പോൾ ഒരു ചോദ്യം ബാക്കിയാകുന്നു, എന്താണ് ഇനി ഡബ്ല്യൂസിസിയുടെ പ്രസക്തി?