തൊണ്ണൂറുകളിൽ തമിഴ്-മലയാളം-ഹിന്ദി സിനിമയിലെ താരറാണിയായിരുന്ന മധു എന്ന മധുബാല മിനിസ്ക്രീനിൽ എത്തുന്നു. റോജ നായിക എന്ന് ഇന്നും സ്നേഹത്തോടെ ആരാധകർ വിളിക്കുന്ന മധുബാലയെ ഇടക്കാലത്ത് സിനിമാ ലോകത്ത് നിന്നും കാണാതായി. വിവാഹത്തോടെ സിനിമ വിട്ടതാണെന്നാണ് എല്ലാവരും കരുതിയത്.
പിന്നീട് ദുൽഖർ സൽമാനും നസ്റിയ നസീമും കേന്ദ്ര കഥാരാത്രങ്ങളായി എത്തിയ വായ് മൂടി പേസുവോം (സംസാരം ആരോഗ്യത്തിന് ഹാനികരം- മലയാളം) എന്ന ദ്വിഭാഷാ ചിത്രത്തിലൂടെ മധു തിരിച്ചെത്തി. പക്ഷെ അപ്പോഴും സിനിമയിൽ സജീവമായില്ല. ഇപ്പോഴിതാ ടെലിവിഷൻ സീരിയലിലൂടെ മൂന്നാം ഇന്നിംഗിസിന് ഒരുങ്ങുകയാണ് താരം.
എന്തിനാണ് സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നത് എന്ന ചോദ്യത്തിന് ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ലഭിക്കാത്തത് കൊണ്ടാണ് സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നത് എന്ന് നടി പറഞ്ഞു. എന്തെങ്കിലും ചെയ്യാനുള്ള കഥാപാത്രങ്ങൾ ലഭിച്ചാൽ സിനിമയിൽ ആയാലും സീരിയലിൽ ആയാലും ചെയ്യുമെന്ന് മധു കൂട്ടിച്ചേർത്തു.
സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്യുന്ന ആരംഭ് എന്ന സീരിയലിലാണ് മാധു ഇപ്പോൾ അഭിനയിക്കുന്നത്. ബാഹുബലി ചിത്രങ്ങളുടെ രചന നിർവഹിച്ച കെ.വി. പ്രസാദ് എഴുതുന്ന ഈ സീരിയലിൽ ഒരു രാജ്ഞിയായിട്ടാണ് മധുബാല എത്തുന്നത്.