കൊച്ചി: വിമന്‍ ഇന്‍ സിനിമ കളക്ടീവിൽനിന്ന് അടുത്തയിടെ രാജിവച്ച സംവിധായിക വിധു വിന്‍സെന്റ് സംഘടനയ്ക്കെതിരേ രൂക്ഷവിമർശനവുമായി രംഗത്ത്. സംഘടനയില്‍ ഇരട്ടത്താപ്പും വരേണ്യനിലപാടുകളുമുണ്ടെന്നു വ്യക്തമാക്കിയുള്ള രാജിക്കത്ത് വിധു വിന്‍സെന്റ് ഫേസ്ബുക്കിലൂടെയാണു പുറത്തുവിട്ടത്.
വ്യക്തിപരമായി നേരിട്ട ബുദ്ധിമുട്ടുകളും അവര്‍ കത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പുതിയൊരു സാഹചര്യത്തില്‍ താന്‍ സംഘടനാബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിനുശേഷവും അപവാദ പ്രചാരണങ്ങള്‍ നടത്തിയും ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പടച്ചുവിട്ടും വ്യക്തിഹത്യ നടത്താന്‍ ചിലര്‍ മുതിര്‍ന്ന സാഹചര്യത്തിലാണ് രാജിക്കത്ത് പരസ്യപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
ബി. ഉണ്ണികൃഷ്ണന് തന്റെ സിനിമ നിര്‍മിച്ചതാണു പ്രശ്നങ്ങള്‍ക്ക് കാരണം. എന്നാല്‍ ദിലീപിനെ പിന്തുണയ്ക്കുന്ന സിദ്ദിഖിനൊപ്പം പാര്‍വതി അഭിനയിച്ചതിനെ ചോദ്യം ചെയ്യാതിരുന്നതെന്തുകൊണ്ടാണെന്ന് വിധു കത്തില്‍ ചോദിക്കുന്നു.
ദിലീപിനോട് അടുപ്പമുള്ളവരെ ഒഴിവാക്കി സിനിമ ചെയ്യാനാകില്ല. നടന് സിദ്ദിഖും സംവിധായകന് രഞ്ജിത്തുമെല്ലാം ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചവരാണ്. എന്നുവച്ച് ഇവരെ തൊട്ടുകൂടാത്തവരായി പ്രഖ്യാപിക്കാനാവുമോയെന്നും വിധു ചോദിച്ചു.