ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് വിദ്യ ബാലൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവച്ച് എത്താറുണ്ട്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ‘ഡേര്‍ട്ടി പിക്ചര്‍’. സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം നിരവധി നിരൂപക പ്രശംസകളും നേടിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. ഡേര്‍ട്ടി പിക്ചര്‍ എന്ന സിനിമയ്ക്ക് ശേഷം താന്‍ പുകവലിക്ക് അടിമപ്പെട്ടിരുന്നു എന്നാണ് വിദ്യ ബാലന് പറയുന്നത്. കൂടാതെ പുകയുടെ മണം തനിക്കിഷ്ടമാണെന്നും, കോളേജ് കാലത്ത് ബസ് സ്റ്റോപ്പില്‍ പുകവലിക്കുന്നവരുടെ അടുത്ത് താന്‍ പോയി ഇരിക്കുമായിരുന്നെന്നും വിദ്യ ബാലന് പറയുന്നു.
‘സിനിമയുടെ ഷൂട്ടിംഗിന് മുമ്പ് പുകവലിച്ചിട്ടുണ്ട്. എങ്ങനെ പുകവലിക്കണം എന്നെനിക്കറിയാം. പക്ഷെ ഞാന്‍ പുകവലിക്കാറില്ലായിരുന്നു. എന്നാല്‍ ഒരു കഥാപാത്രമാകുമ്പോള്‍ അത് ഫേക്ക് ചെയ്യാന്‍ പറ്റില്ല. എനിക്ക് മടി തോന്നാന്‍ പാടില്ല. കാരണം പുകവലിക്കുന്ന സ്ത്രീകളെക്കുറിച്ച് അക്കാലത്ത് ചില ധാരണകളുണ്ടായിരുന്നു. പുകവലിക്കാന്‍ ഞാന്‍ പണ്ടേ ആഗ്രഹിച്ചിരുന്നു.
എനിക്കിത് ക്യാമറയില്‍ പറയണോ എന്നറിയില്ല. പുകവലി ഞാന്‍ ആസ്വദിച്ചു. സിഗരറ്റ് ഹാനികരമല്ലെങ്കില്‍ ഞാന്‍ സ്മോക്കറായേനെ. പുകയുടെ മണം എനിക്കിഷ്ടമാണ്. കോളേജ് കാലത്ത് ബസ് സ്റ്റോപ്പില്‍ പുകവലിക്കുന്നവരുടെ അടുത്ത് ഞാന്‍ ഇരിക്കുമായിരുന്നു. ഡേര്‍ട്ടി പിക്ചറിന് ശേഷം ഞാന്‍ അടിമപ്പെട്ടു. ദിവസം രണ്ട് മൂന്ന് സിഗരറ്റുകള്‍ ഞാന്‍ വലിക്കുമായിരുന്നു.’ എന്നാണ് അണ്‍ഫില്‍ട്ടേര്‍ഡ് എന്ന അഭിമുഖത്തില്‍ വിദ്യ ബാലന് പറഞ്ഞത്.