കോടാലി: കുരുന്നുകളുടെ മനം കുളിർപ്പിക്കുന്ന കാർട്ടൂണ്‍ ചിത്രങ്ങൾ വരച്ച് ശ്രദ്ധേയയാകുകകയാണ് മറ്റത്തൂർ പഞ്ചായത്തിലെ ചെന്പുച്ചിറ സ്വദേശിനി വിദ്യ. ചിത്രമെഴുത്തിൽ അക്കാദമിക് യോഗ്യതകളൊന്നുമില്ലെങ്കിലും ഇവർ വരക്കുന്ന കാർട്ടൂണ്‍ ചിത്രങ്ങൾ ജീവസുറ്റവയാണ്. ചെന്പുച്ചിറ കൊച്ചുപറന്പിൽ അനൂപിന്റെ ഭാര്യയാണ് 32 കാരിയായ വിദ്യ. ഒരു വിനോദമായാണ് ഇവർ ആദ്യം കാർട്ടൂണ്‍ ചിത്രങ്ങൾ വരച്ചു തുടങ്ങിയത്.വീട്ടിലെ മുറികളുടെ ചുമരുകളിൽ കുട്ടികൾക്കായാണ് ഇവർ ആദ്യം കാർട്ടൂണ്‍ ചിത്രങ്ങൾ വരച്ചത്.
പിന്നീട് ചെട്ടിച്ചാലിലെ ആംഗൻവാടിയുടെ ഭിത്തിയിലും കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂണ്‍ കഥാപാത്രങ്ങളെ വരച്ചു. കണ്ടവർക്കൊക്കെ വിദ്യയുടെ കാർട്ടൂണ്‍ ചിത്രങ്ങൾ ഇഷ്ടമായതോടെ ചിത്രരചനയ്ക്കു പുതിയ ഓഡറുകളെത്തി. ചെന്പുച്ചിറ സർക്കാർ സ്കൂളിന്റെ ചുമരിലും ചെന്പുച്ചിറയിലെ ആംഗൻവാടിയിലും ഇത്തരത്തിലുള്ള കാർട്ടൂണ്‍ ചിത്രങ്ങൾ വരക്കാനുള്ള തയാറെടുപ്പിലാണ് വിദ്യ.
വീടുകളിലെ കുട്ടികളുടെ മുറികളിൽ കാർട്ടൂണ്‍ ചിത്രങ്ങൾ വരച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടും ചിലരെത്തുന്നുണ്ട്. ആംഗൻവാടികളിലും വിദ്യാലയങ്ങളിലും കുട്ടികളുടെ സന്തോഷത്തിനായി കാർട്ടൂണ്‍ ചിത്രങ്ങൾ വരച്ചുനൽകുന്നത് തികച്ചും സൗജന്യമായാണ്. മറ്റത്തൂർ പഞ്ചായത്തിലെ മറ്റ് ആംഗൻവാടികളിലും ഇതേ രീതിയിൽ വരച്ചുനൽകാനാണ് വിദ്യയുടെ തീരുമാനം. ഫാബ്രിക് പെയിന്റുപയോഗിച്ചാണ് ചിത്രങ്ങൾ വരക്കുന്നത്.
സ്കൂൾ കോളജ് പഠന കാലത്ത് നന്നായി ചിത്രം വരച്ചിരുന്നു. വിവാഹശേഷം സമയക്കുറവു മൂലം ചിത്രകലയിൽ നിന്ന് അകന്നുനിന്നിരുന്ന വിദ്യ കുട്ടികൾക്കുവേണ്ടിയാണ് വീണ്ടും ബ്രഷ് കൈയിലെടുത്തത്. ബിദുദധാരിണിയായ ഈ യുവതി രണ്ടുകുട്ടികളുടെ മാതാവാണ്.