പയ്യന്നൂര്‍: കുഞ്ഞിമംഗലത്തെ ഭര്‍തൃഗൃഹത്തില്‍നിന്നും കാണാതായ യുവതിയുടെ മൃതദേഹം രണ്ടുവര്‍ഷം മുമ്പ് അഴുകിയ നിലയില്‍കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയണ്ടെന്ന വിദ്യയുടെ ബന്ധുക്കളുടെ പരാതിയിലുള്ള അന്വേഷണത്തിനൊടുവിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പരിശോധനക്കായി അയച്ച ഡിഎന്‍എ ടെസ്റ്റിന്റെ ഫലം ലഭിച്ചതിനെ തുടര്‍ന്നാണു സാക്ഷിമൊഴികൾ ഉൾപ്പെടുത്തി തളിപ്പറമ്പ് ഡിവൈഎസ്പി പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്.
പയ്യന്നൂര്‍ അന്നൂരിലെ മുണ്ടയാട്ട് കുഞ്ഞികൃഷ്ണന്റെ മകളും കുഞ്ഞിമംഗലം തെക്കുമ്പാട്ടെ സുരേഷ് ബാബുവിന്റെ ഭാര്യയുമായ വിദ്യ(32)യുടെ മരണം സംബന്ധിച്ചു തളിപ്പറമ്പ് ഡിവൈഎസ്പിയാണ് അന്വേഷണം നടത്തിവന്നത്. അങ്കണവാടിയിലാക്കിയിരുന്ന കുട്ടിയെ കൂട്ടിക്കൊണ്ടുവരുവാനായി പോയ വിദ്യയെ കാണാതാവുകയും മൃതദേഹം കുഞ്ഞിമംഗലം തീരദേശ റോഡിലെ പുളിയക്കോട് അങ്കണവാടിക്കുപടിഞ്ഞാറുള്ള പുഴയില്‍ 42 ാം ദിവസം അഴുകിയ നിലയില്‍ കെണ്ടത്തുകയായിരുന്നു.
തന്റെ മകള്‍ ഒട്ടേറെ പീഡനങ്ങള്‍ സഹിച്ചാണുഭര്തൃഭവനത്തില് കഴിഞ്ഞിരുന്നതെന്ന വിദ്യയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് ഭര്‍ത്താവ് സുരേഷ് ബാബുവിനെതിരേയും ഭർത്താവിന്റെ മാതാപിതാക്കള്‍ക്കെതിരേയും ഗാര്‍ഹിക പീഡനത്തിനുകേസെടുത്തിരുന്നു. വിദ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ജനകീയ ആക്ഷന്‍ കമ്മിറ്റിയും സ്ത്രീവേദിയും രംഗത്തു വന്നിരുന്നു.
പയ്യന്നൂര്‍ സിഐ എം.പി.ആസാദ് അന്വേഷിച്ചുവന്ന കേസിന്റെ തുടരന്വേഷണം തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു മുന്നേറിയത്. കേസന്വേഷണത്തിനിടയില്‍ ഭര്‍ത്താവ് ഗള്‍ഫുകാരനായ സുരേഷ് സ്ഥലംവിടാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്നു പോലീസ് ഇയാളുടെ പാസ്പോര്‍ട്ട് പിടിച്ചെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. തുടര്‍ന്നുള്ള അന്വേഷണം നീണ്ടുപോകുന്നതിനിടെ ശക്തമായ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.