കൊച്ചി: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ നിര്‍മിച്ച് ഗസ്റ്റ് ലക്ചര്‍ നിയമനം നേടാന്‍ ശ്രമിച്ച കേസില്‍ വിദ്യക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കി പോലീസ്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് ദിവസം പിന്നിട്ടിട്ടും ഒളിവില്‍ കഴിയുന്ന വിദ്യയെ പിടികൂടാനോ കേസിലെ നിര്‍ണായക തെളിവായ വ്യാജരേഖയുടെ അസല്‍ പകര്‍പ്പ് കണ്ടെത്തുന്നതിനോ പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ല.
കേസ് അഗളി പോലീസിന് കൈമാറുന്നതിന് മുമ്പേ വിദ്യ എറണാകുളം ജില്ലയില്‍ തന്നെ ഒളിവില്‍ കഴിയുന്നെന്ന് കെഎസ്യു അടക്കം ആരോപണം ഉന്നയിച്ചിട്ടും അന്വേഷണം നടത്താന്‍ പോലീസ് തയാറായിരുന്നില്ല.
വിദ്യയുടെ ഫോണ്‍ സ്വച്ച് ഓഫ് ആണെന്ന് അന്വേഷണസംഘം പറയുമ്പോഴും ഇവര്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കുന്നുണ്ട്.
അഗളി പോലീസെത്തി; വൈസ് പ്രിന്‍സിപ്പലിന്റെ മൊഴി രേഖപ്പെടുത്തി
വ്യജരേഖ കേസില്‍ നിലവില്‍ അന്വേഷിക്കുന്ന അഗളി പോലീസ് എറണാകുളം മഹാരാജാസ് കോളജിലെത്തി വൈസ് പ്രിന്‍സിപ്പലിന്റെ മൊഴി രേഖപ്പെടുത്തി.
പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. ജോയ് സ്ഥലത്തില്ലാത്തതിനാലാണ് വൈസ് പ്രിന്‍സിപ്പലില്‍ നിന്ന് അന്വേഷണം സംഘം വിവരങ്ങള്‍ തേടിയത്.
വ്യാജരേഖ നിര്‍മിക്കാന്‍ വിദ്യക്ക് കോളജിലെ സഹായമടക്കം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. രേഖയില്‍ കാണിച്ചിട്ടുള്ള കോളജിന്റെ എബ്ലം, സീല്‍, സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ എന്നിവയിലും പോലീസ് വ്യക്തത തേടിയിട്ടുണ്ട്.
വ്യാജ സര്‍ട്ടിഫിക്കറ്റ്;വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയെന്ന കേസില്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.
സര്‍ക്കാരിന്റെ വിശദീകരണവും കോടതി തേടിയിട്ടുണ്ട്. കേസില്‍ ആരോപിക്കുന്ന സംഭവവുമായി ബന്ധമില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കള്ളക്കേസാണ് തനിക്കെതിരെയുള്ളതെന്നും വിദ്യ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.