സ്വന്തം ലേഖകൻ
തൃശൂർ: വായ്പ നിഷേധിക്കപ്പെട്ടതിനെതുടർന്ന് സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന മനോവിഷമത്തിൽ ജീവനൊടുക്കിയ തൃശൂർ ചെന്പുക്കാവ് ഗാന്ധിനഗർ കുണ്ടുവാറയിൽ പച്ചാലപ്പൂട്ട് വീട്ടിൽ വിപിന്റെ (25) ആത്മാവിന് ഇന്നു സന്തോഷനാൾ.
വിപിൻ ഏറ്റവുമധികം സ്വപ്നം കണ്ടിരുന്ന സഹോദരിയുടെ വിവാഹം ഇന്നാണ്. പാറമേക്കാവ് ക്ഷേത്രത്തിൽ ഇന്നു രാവിലെ എട്ടരയ്ക്കും ഒന്പതിനുമിടയിലുള്ള മുഹൂർത്തത്തിൽ വിപിന്റെ സഹോദരി വിദ്യയുടെ കഴുത്തിൽ കയ്പമംഗലം സ്വദേശി നിധിൻ താലികെട്ടി.
വിദ്യയുടെ വിവാഹത്തിനു സ്വർണാഭരണങ്ങൾ വാങ്ങാൻ വായ്പയെടുക്കാൻ ബാങ്കിലെത്തിയപ്പോഴാണ് കിട്ടുമെന്നുറപ്പിച്ച വായ്പ ലഭിക്കില്ലെന്നു വിപിൻ അറിഞ്ഞത്. അമ്മയേയും സഹോദരിയേയും സ്വർണക്കടയിലിരുത്തിയശേഷമാണ് വിപിൻ ബാങ്കിലേക്കു പോയത്.
വായ്പ കിട്ടില്ലെന്നുറപ്പായതോടെ സ്വർണാഭരണങ്ങളെടുക്കാൻ സാധിക്കില്ലെന്നു മനസിലായ വിപിൻ നേരെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. വിപിനെ ഏറെനേരം കാത്തിരുന്നിട്ടും കാണാതെ സ്വർണക്കടയിൽനിന്നും അമ്മയും സഹോദരിയും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വിപിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
എന്നാൽ, നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽനിന്നു പിൻമാറില്ലെന്ന് വിദ്യയുടെ പ്രതിശ്രുതവരൻ നിധിൻ അന്നുതന്നെ പറഞ്ഞിരുന്നു. ആശ്രയമില്ലാതായ വിപിന്റെ കുടുംബത്തെ തങ്ങൾക്കൊപ്പം നിധിനും കുടുംബവും ചേർത്തുനിർത്തുകയായിരുന്നു. പണവും സ്വർണവും മോഹിച്ചല്ല വിദ്യയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നും വിവാഹം കഴിഞ്ഞേ മടങ്ങൂവെന്നും അന്നുതന്നെ നിധിൻ വ്യക്തമാക്കിയിരുന്നു.
നിധിനെടുത്ത ആ ഉറച്ച തീരുമാനമാണ് ഇന്നു പാറമേക്കാവ് ക്ഷേത്രത്തിൽ യാഥാർഥ്യമായത്. ആർഭാടങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ടായിരുന്നു വിവാഹം. മരണാനന്തര ചടങ്ങുകൾ പതിനാറാം ദിവസം കഴിഞ്ഞശേഷം വിവാഹം നടത്താമെന്നു ജോത്സ്യൻ നിർദേശിച്ചതിനെതുടർന്നാണ് ഇന്നു വിവാഹം നടത്തിയത്.
വിവാഹശേഷം നിധിനും വിദ്യയും കയ്പമംഗലത്തെ വീട്ടിലേക്കു പോകും. നിധിൻ വിദേശത്താ ണ് ജോലിചെയ്യുന്നത്. ജനുവരി പകുതിയോടെ നിധിൻ തിരിച്ചുപോകും. വിദ്യയെ താമസിയാതെ വിദേശത്തേക്കു കൊണ്ടുപോകുമെന്നു നിധിൻ പറഞ്ഞു.