വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് “എവിടെനിന്നാണ്, പാമ്പിനെ കണ്ടിട്ടാണോ വിളിക്കുന്നത്’ എന്നാണ്. പാതിരാത്രിയാണെങ്കിലും ഒരു പാമ്പിനെ കണ്ടു, സഹായിക്കണം എന്ന അഭ്യര്‍ഥനയുമായി എത്തുന്ന ഫോണ്‍ കോളില്‍ വിദ്യ രാജു ഇറങ്ങിപ്പുറപ്പെടും. എത്ര നേരം കാത്തിരുന്നിട്ടാണെങ്കിലും ആ പാമ്പിനെ പിടികൂടി കോടനാട്ടെ വനംവകുപ്പിന് കൈമാറും.
കഴിഞ്ഞ 20 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ 64കാരി ഇതിനകം 1000 ലധികം പാമ്പുകളെയാണ് പിടികൂടി വനം വകുപ്പിന് കൈമാറിയത്. രാജവെമ്പാലയും പെരുമ്പാമ്പും അണലിയും ഉള്‍പ്പെടെ വിഷപ്പാമ്പുകളും ഇതില്‍ ഉള്‍പ്പെടും. പാമ്പു പിടിക്കുന്നതിനായി വനംവകുപ്പിന്റെ ലൈസന്‍സ് ലഭിച്ച വ്യക്തിയാണ് ഇവര്‍. ആരില്‍നിന്നും യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഈ സേവനം ചെയ്യുന്നത്.
ഝാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശിനിയായ വിദ്യയുടെ ഭര്‍ത്താവ് കമഡോര്‍ എ.വി.എസ്. രാജു ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനായിരുന്നു. കൊച്ചിയെ സ്വന്തം നാടാക്കിയ വിദ്യ ഇപ്പോള്‍ കുടുംബത്തോടൊപ്പം പനമ്പിള്ളി നഗറിലാണ് താമസം. പാമ്പു പിടുത്തക്കാരി എന്നറിയപ്പെടുന്നതിനെക്കാളും പാമ്പുകളുടെ രക്ഷക എന്ന അറിയപ്പെടാനാണ് ഇവര്‍ക്കിഷ്ടം.
ആദ്യം പാമ്പുപിടിച്ചത് ഗോവയില്‍
1998 ല്‍ ഭര്‍ത്താവിന്റെ ജോലി സ്ഥലമായ ഗോവയില്‍ വച്ചാണ് വിദ്യ ആദ്യമായി പാമ്പിനെ പിടിച്ചത്. അവിടെ മാണ്ഡവി നദിയുടെ തീരത്തുള്ള ഒരാളുടെ ഗ്യാരേജില്‍ പാമ്പുകയറിയപ്പോള് എല്ലാവരും ഭയന്നു മാറിനിന്നു. പക്ഷേ, വിദ്യ പാമ്പിനെ പിടിച്ചു. വനംവകുപ്പ് അധികൃതര്‍ വരുംവരെ ആരും അതിനെ ഉപദ്രവിക്കാതെ സംരക്ഷിച്ചു. അതായിരുന്നു ആദ്യ പാമ്പുപിടുത്തം. പിന്നീടങ്ങോട്ട് വിഷപ്പാമ്പുകളും അല്ലാത്തവയേയുമൊക്കെ വിദ്യ കൈപ്പിടിയിലൊതുക്കി. പിന്നീട് സുരക്ഷിതമായി വനംവകുപ്പിനെ ഏല്പിച്ചു. വീടുകളിലേക്ക് എത്തുന്ന വെള്ളിമൂങ്ങയും പരുന്തുമൊക്കെ വിദ്യയുടെ മുന്നില്‍ അനുസരണയോടെ നില്ക്കും. നേവല്‍ ബേസില്‍ താമസിക്കുന്ന കാലത്ത് 20 കിലോ തൂക്കം വരുന്ന പെരുമ്പാമ്പിനെ വിദ്യ നിമിഷങ്ങള്‍ക്കകം ചാക്കിലാക്കി. മഴക്കാലത്താണ് കൂടുതല്‍ പാമ്പുകളെ പിടികൂടുന്നത്. ഒരു ദിവസം മൂന്ന് പാമ്പുകളെ വരെ പിടികൂടിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പ്രകൃതിയോട് കൂട്ടുകൂടാന്‍ പഠിപ്പിച്ച അച്ഛന്
പ്രകൃതിയോടും ജന്തുജാലങ്ങളോടുമൊക്കെ ഇഷ്ടം കൂടാന്‍ പഠിപ്പിച്ചത് അച്ഛന് എച്ച്.എസ്.പി. സിന്‍ഹയാണ്. കുട്ടിക്കാലത്ത് എന്നെയും സഹോദരങ്ങളെയും അച്ഛന് ട്രക്കിംഗിന് കൊണ്ടുപോകും. വഴിയില്‍ മുറിവേറ്റു കിടക്കുന്ന പൂച്ചകളെയും പക്ഷികളേയുമൊക്കെ അച്ഛന് വീട്ടില്‍ കൊണ്ടുവന്നു പരിപാലിക്കുമായിരുന്നു. അമ്മയും അതുപോലെതന്നെയായിരുന്നു. ഞങ്ങള്‍ക്ക് ഭക്ഷണം തരുമ്പോള്‍ പുറത്ത് കിളികള്‍ക്കായി പാത്രത്തില്‍ ഭക്ഷണം വയ്ക്കുമായിരുന്നു. ഇതൊക്കെ കണ്ടുവളര്‍ന്നത് കൊണ്ടാകാം പ്രകൃതിയോടും ജീവജാലങ്ങളോടുമൊക്കെ എനിക്ക് ഇഷ്ടം കൂടുതല്‍.- വിദ്യ രാജു പറഞ്ഞു. കൊച്ചിയിലെ വിവിധ പരിസ്ഥിതി സംഘടനകളില്‍ വിദ്യ അംഗമാണ്.
മറക്കാനാകാത്ത അനുഭവം
ഒരിക്കല്‍ അടുക്കളയില്‍ ജോലി ചെയ്തു നില്‍ക്കുമ്പോഴാണ് പെരുമ്പാമ്പിനെ കണ്ടെത്തി എന്നുപറഞ്ഞ് നേവല്‍ ബേസില്‍നിന്ന് ഫോണ്‍ വന്നത്. ഞാന്‍ ഉടനെ ഫോറസ്റ്റുകാരെ വിവരം അറിയിച്ചു. ഭര്‍ത്താവ് രാജു എന്നെ ഉടനെ അവിടെ എത്തിച്ചു. അതിന് 20 കിലോയിലധികം തൂക്കം വരും. അതിനെ പിടിച്ച് ഫോറസ്റ്റുകാര്‍ക്ക് കൈമാറിയപ്പോഴാണ് ആ കാഴ്ച കണ്ടത്. പാമ്പ് കിടന്നിടത്ത് ഇരുപത്തിയൊന്നോളം പാമ്പിന് മുട്ടകള്‍. പാമ്പിനൊപ്പം കൊണ്ടുപോകാനായി ഓരോ മുട്ടയും മരവീപ്പയിലേക്ക് വച്ചപ്പോള്‍ ചിലത് വിരിഞ്ഞ് പാമ്പിന് കുഞ്ഞുങ്ങള്‍ പുറത്തുവന്നു. ഞാന്‍ വീപ്പയിലേക്ക് വയ്ക്കാനായി ഒരെണ്ണം കൈയിലെടുത്തപ്പോള്‍ അത് എന്റെ കൈയിലിരുന്നു വിരിഞ്ഞു. എന്റെ ജീവിതത്തില്‍ ഏറ്റവും അധികം സന്തോഷം തോന്നിയ നിമിഷം ആയിരുന്നു അത്. എന്റെ ഉള്ളം കൈയിലിരുന്ന് ഒരു ജീവന് വിരിയുക. അതിനെ എനിക്ക് സംരക്ഷിക്കാനാകുക. ആ ആനനന്ദം വിവരിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല’- വിദ്യ രാജു പറഞ്ഞു.
വിഷപ്പാമ്പുകളാണെങ്കില്‍ പിടിച്ച് ഫോറസ്റ്റുകാരെ ഏല്‍പ്പിക്കും. അവര്‍ കൊണ്ടുപോയി കാട്ടില്‍ തുറന്നുവിടും. ഫോറസ്റ്റുകാര് വരാന്‍ വൈകിയ സന്ദര്‍ഭത്തില്‍ എന്റെ വീടിനു പുറത്ത് പാമ്പിനെ സൂക്ഷിച്ചിട്ടുണ്ട്. പിടിക്കാന്‍ ചെല്ലുമ്പോള്‍ ചേര പോലുള്ളവയാണെങ്കില്‍ വാതില്‍ തുറന്നുകൊടുത്തു പുറത്തേക്ക് പോകാന്‍ അനുവദിക്കും. ഒളിച്ചിരിക്കുന്ന പാമ്പ് പുറത്തുവരാനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിയും വരും. പെരുമ്പാമ്പിനെ പിടിച്ചപ്പോള്‍ ഉള്‍പ്പെടെ മൂന്നു തവണ വിദ്യയ്ക്ക് പാമ്പ് കടിയേറ്റിട്ടുണ്ട്. എങ്കിലും പാമ്പുകളെ രക്ഷിക്കാന്‍ ഈ വീട്ടമ്മ എപ്പോഴും മുന്നിലുണ്ട്.
എല്ലാവരും ഈശ്വരന്റെ സൃഷ്ടിയാണ്…
പാമ്പ് നിരുപദ്രവകാരിയായ ജീവിയാണ്. പാമ്പിനെ കണ്ടാലുടന്‍ അതിനെ പേടിപ്പിക്കുമ്പോഴാണ് അത് കൊത്തുന്നത്. ഓരോ ഫോണ്‍കോളുകള്‍ വരുമ്പോഴും പാമ്പുകളുടെ ജീവന് രക്ഷിക്കണം എന്ന ചിന്ത മാത്രമാണ് എന്റെ മനസില്‍ ഉണ്ടാകാറുളളത്. “എല്ലാവരും ഈശ്വരന്റെ സൃഷ്ടികളാണ്. അവയെ ബഹുമാനിക്കണം’ എന്നാണ് എന്റെ അച്ഛന് പഠിപ്പിച്ചു തന്നിരിക്കുന്നത്. ഓരോ പാമ്പിനെ പിടിക്കുമ്പോഴും ആ വാക്കുകളാണ് എന്റെ മനസിലേക്ക് ഓടിയെത്തുന്നത്. നമുക്ക് ഉപദ്രവമില്ലാത്തതിനെ നാം കൊല്ലുന്നത് എന്തിനാണ്’- വിദ്യ ചോദിക്കുന്നു.
കുടുംബമുണ്ട് കൂടെ
സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ബിഎഡുമുള്ള വിദ്യ പത്തു വര്‍ഷത്തോളം സ്കൂളില്‍ അധ്യാപികയായിരുന്നു. വിവാഹശേഷം ജോലി ഉപേക്ഷിച്ചു. ഭര്‍ത്താവ് കമഡോര്‍ എ.വി.എസ്. രാജു നേവല്‍ ബേസില്‍നിന്ന് വിരമിച്ചെങ്കിലും ഭാര്യയുടെ പാമ്പുപിടിത്തത്തിന് പൂര്‍ണ പിന്തുണയുമായി എപ്പോഴും കൂടെയുണ്ട്. മകന് കമാന്‍ഡര്‍ സൗരഭും മരുമകള്‍ തേജ്ബിറും ബംഗളൂരുവില്‍ എച്ച്ആര്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന മകള്‍ ശ്വേതയും പിന്തുണയുമായി വിദ്യയ്ക്കൊപ്പമുണ്ട്. കൊച്ചുമകന് തനിഷ് അമ്മമ്മയുടെ പാമ്പു പിടിത്തത്തിന്റെ ഫോട്ടോകള്‍ കൗതുകത്തോടെ കാണാറുണ്ടെന്ന് വിദ്യ പറഞ്ഞു.
സീമ മോഹന്‍ലാല്‍