കൊച്ചി: മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമയിൽ അഭിനയിക്കുന്നതിൽ നിന്നു അവസാനനിമിഷം പിൻമാറിയ ബോളിവുഡ് താരം വിദ്യാബാലനെതിരെ നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങി നിർമാതാവ് റഫേൽ തോമസ്. ഇന്നലെ സിനിമയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് റാഫേൽ തോമസ് ഇക്കാര്യം അറിയിച്ചത്. വിദ്യാബാലന്റെ ചിത്രത്തിൽ നിന്നുള്ള പിൻമാറ്റത്തെത്തുടർന്നു തങ്ങൾക്ക് ധനനഷ്ടവും മാനസികവ്യഥയുമുണ്ടായെന്നും ഇതുകാണിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ആമി എന്ന തന്റെ സിനിമയിൽ അഭിനയിക്കുന്നതിൽനിന്നു ബോ ളിവുഡ് നടി വിദ്യാബാലൻ പിൻമാറിയതു ബാഹ്യഇടപെടൽ കൊണ്ടാണോയെന്നു സംശയിക്കുന്നതായി സംവിധായകൻ കമൽ പറഞ്ഞു. കഥ മുഴുവനായും കേട്ട വിദ്യാബാലൻ, ആമി ആയി അഭിനയിക്കാൻ പൂർണതാത്പര്യം അറിയിച്ചിരുന്നു. എന്നാൽ ചിത്രീകരണം തുടങ്ങാൻ അഞ്ചു ദിവസം മാത്രം ശേഷിക്കേ വിദ്യ എതിർപ്പറിയിക്കുകയായിരുന്നുവെന്നു കമൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഒടുവിൽ ആമിയാകാൻ മഞ്ജു വാര്യരെ ക്ഷണിച്ചു. അഭിനയിക്കാൻ താത്പര്യമറിയിച്ച മഞ്ജുവിനു മാധവിക്കുട്ടിയെന്ന കഥാപാത്രത്തെ ഉൾക്കൊള്ളാൻ നൂറു ശതമാനം കഴിയുമെന്നുതന്നെയാണു വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 28ന് ആമിയുടെ ചിത്രീകരണം ആരംഭിക്കും.ഒറ്റപ്പാലം,മുംബൈ, കോൽക്കത്ത തുടങ്ങിയവയായിരിക്കും ലൊക്കേഷനുകൾ.
രാജ്യത്ത് കലാകാരൻമാർക്കെതിരെയുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളാകാം ആമിയിൽ അഭിനയിക്കുന്നതിൽനിന്നുള്ള വിദ്യയുടെ പിൻമാറ്റത്തിനു കാരണം. ചിത്രത്തിൽ അഭിനയിക്കാൻ അഡ്വാൻസ് തുകയും ഡയലോഗ് ഷീറ്റും ഷൂട്ടിംഗിനെത്താൻ ടിക്കറ്റും വിദ്യയ്ക്ക് എത്തിച്ച് കൊടുത്തിരുന്നു. അവസാന നിമിഷത്തിലുള്ള പിൻമാറ്റത്തിനു കാരണമെന്തെന്നു പറഞ്ഞിട്ടില്ല. തന്റെ സിനിമാ ജീവിതത്തിൽ ഇത് ആദ്യത്തെ സംഭവമാണ്. കലാകാരൻമാരുടെ തലച്ചോർ ഇൻഷ്വർ ചെയ്യേണ്ട അവസ്ഥയാണെന്നും കമൽ പറഞ്ഞു.
ജയ്പൂരിൽ രജപുത്ര സ്ത്രീകളെ അപമാനിക്കുന്ന രംഗങ്ങൾ തിരക്കഥയിലുണ്ടെന്നു പറഞ്ഞു സഞ്ജയ് ലീല ബൻസാലിക്കുനേരേ അക്രമം നടന്നു. ലോകത്തിലെ എണ്ണപ്പെട്ട ചലച്ചിത്ര മേളകളിലൊന്നായ റോട്ടർഡാം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട സെക്സി ദുർഗയുടെ സംവിധായകൻ സനൽകുമാർ ശശിധരനെതിരേയും ഭീഷണിയുണ്ടായി. മാധ്യമ, കലാ, സാംസ്കാരിക മേഖല ഇത്തരം സംഭവങ്ങൾക്കെതിരേ നിസംഗമനോഭാവമാണു പുലർത്തുന്നത്.
ആർട്ടിസ്റ്റ് പിൻമാറിയെന്ന കാരണത്താൽ സിനിമ ചെയ്യാതെ പിന്നോട്ടു പോകില്ല. വിവാദങ്ങളെ ഭയമില്ല. മാധവിക്കുട്ടിയുടെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളെയും ഉൾക്കൊള്ളിച്ചുള്ളതാണ് ആമി എന്ന സിനിമ. ഇതിനായി മാധവിക്കുട്ടിയുടെ കുടുംബാംഗങ്ങളുടെ എല്ലാവരുടെയും പിന്തുണയുണ്ട്.ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും കമൽ പറഞ്ഞു. പ്രഥ്വിരാജ്, മുരളീ ഗോപി, അനൂപ് മേനോൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുമെന്നും കമൽ അറിയിച്ചു. പ്രൊഡ ക്ഷൻ കണ്ട്രോളർ ആരോമ മോഹനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.