കോട്ടയം: വധശ്രമക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പ്രതിയുടെ പിതാവ് എസ്ഐയെ വെട്ടിപ്പരിക്കേൽപ്പിച്ചു. മണിമല എസ്ഐ വിദ്യാധരനാണ് വെട്ടേറ്റത്.
ഗുരുതര പരിക്കേറ്റ വിദ്യാധരനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളാവൂർ ചൂട്ടടിപ്പാറയിൽ ശനിയാഴ്ച രാവിലെ 6.30 നായിരുന്നു സംഭവം.
കുത്തുകേസിലെ പ്രതിയായ അജിനെ പിടികൂടാൻ ശ്രമിക്കുമ്പോഴാണ് വിദ്യാധരന് വെട്ടേറ്റത്. അജിനെ പോലീസ് പിടികൂടി മടങ്ങുമ്പോൾ പിതാവ് പ്രസാദ് വാക്കത്തി ഉപയോഗിച്ച് വിദ്യാധരനെ വെട്ടുകയായിരുന്നു.
മറ്റുപോലീസുകാർ ഇടപെട്ട് പ്രസാദിനെ കീഴ്പ്പെടുത്തി. അജിനെയും പ്രസാദിനെയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി.
വിദ്യാധരന്റെ തലയ്ക്കാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ആദ്യം മണിമലയിലെ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.