ഇരിട്ടി: നല്ല സാഹിത്യവും സംഗീതവും ഒന്നിക്കുമ്പോൾ മികച്ച ഗാനങ്ങളും പിറക്കുന്നമെന്നും ഇത്തരം ഗാനങ്ങൾ കാലത്തെ അതിജീവിച്ചു നിലനിൽക്കുമെന്നു പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനുമായ വിദ്യാധരൻ മാസ്റ്റർ. ഇരിട്ടി സംഗീതസഭയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ മനുഷ്യന്റെ ഉള്ളിലും സംഗീതമുണ്ടെങ്കിലും അവയെ പുറത്തെത്തിക്കണമെങ്കിൽ കഠിനപ്രയത്നം തന്നെ വേണം.
അതിനു സംഗീതത്തിന്റെ ഉള്ളിൽ കടന്നുചെന്നും നമ്മൾ പരിശ്രമിക്കേണ്ടിവരുമെന്നു വിദ്യാധരൻ മാസ്റ്റർ പറഞ്ഞു. സംഗീതസഭ പ്രസിഡന്റ് ഡോ. ജി. ശിവരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമ്മ മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. സണ്ണിജോസഫ് എംഎൽഎ മുഖ്യാതിഥിയും ഇരിട്ടി മുൻസിപ്പൽ ചെയർമാൻ പി.പി. അശോകൻ വിശിഷ്ടാതിഥിയുമായിരുന്നു.
ഡോ. ബിനീഷ് ജോസഫ്, സുരേഷ് കൂത്തുപറമ്പ് എന്നിവർ പ്രസംഗിച്ചു. സംഗീതസഭയുടെ രക്ഷാധികാരികളായ വിദ്യാധരൻ മാസ്റ്റർ, സണ്ണി ജോസഫ് എം എൽഎ, ഡോ. ബിനീസ് ജോസഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സംഘാടകസമിതി ചെയർമാൻ സിബിച്ചൻ ഇരിട്ടി സ്വാഗതവും സംഗീതസഭ വൈസ് പ്രസിഡന്റ് ബിന്ദു സുരേഷ് നന്ദിയും പറഞ്ഞു. തുടർന്നു പിന്നണി ഗായകരായ ചെങ്ങന്നൂർ ശ്രീകുമാർ, കെ.കെ. നിഷാദ്, സെലിൻ ജോസ് എന്നിവർ നയിച്ച സ്വരലയ സന്ധ്യയും അരങ്ങേറി.