തലശേരി: പനിയും രക്തസ്രാവവും അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഗർഭിണിയായ യുവതി വിദേശ യാത്രാവിവരം മറച്ചുവച്ചത് പരിഭ്രാന്തി പരത്തി.
തലശേരി നഗരത്തിലെ സ്വകാര്യ ആശ്യപത്രിയിലാണ് സംഭവം. ചികിത്സയ്ക്കിടെ ഡോക്ടറുടെ നിരന്തര ആശയ വിനിമയത്തിനിടയിലാണ് വിദേശത്തു നിന്ന് എത്തിയ വിവരം പുറത്തായത്.
ഇതോടെ മുൻ കരുതലുകൾ എടുത്ത ആശുപത്രി അധികൃതർ യുവതിയെ നിരീക്ഷണത്തിലാക്കി. യുവതിക്ക് കൊറോണ സ്ഥിരീകരിച്ചിട്ടില്ലെന്നും എന്നാൽ യാത്രാ വിവരം മറച്ച് വെച്ചത് ന്യായികരിക്കാനാവില്ലെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു.
വിദേശത്തു നിന്ന് മംഗലാപുരം വഴി വീട്ടിലെത്തുകയും സാധാരണ ജീവിതം നയിക്കുകയും ചെയ്ത യുവാവിന് അസുഖം പിടിപെട്ടതും നാട്ടിൽ അസ്വസ്ഥത സൃഷടിച്ചു.
അസുഖം പിടിപെട്ടപ്പോൾ മാത്രമാണ് യുവാവ് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടത്. യുവാവും പിന്നീട് നിരീക്ഷണത്തിലായി. ഇയാൾക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല.
തനിക്ക് അസുഖമില്ലെന്ന് സ്വയം തീരുമാനിച്ച് യാത്രാ വിവരം മറച്ചുവയ്ക്കുന്നത് ഗൗരവമായി കാണുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ വകുപ്പ് അധികൃതരുടെ അനുമതിയില്ലാതെ പുറത്ത് പോകരുതെന്നും പോലീസ് അറിയിച്ചു.