കമലാ സുരയ്യയുടെ ജീവിതം ആധാരമാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രം ആമിയിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നതു വിദ്യാബാലനെയായിരുന്നു. മാധവികുട്ടിയായി അഭിനയിക്കുന്നതിന് ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു താനെന്നും എന്നാൽ പ്രതീക്ഷിച്ച രീതിയിൽ തന്റെ കഥാപാത്രം സിനിമയിൽ വികസിച്ചു വന്നില്ല എന്നും വിദ്യ ഒരു ദേശിയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തുടർന്നു സിനിമയുടെ അണിയറ പ്രവർത്തകരുമായി അഭിപ്രായ വ്യത്യാസം ഉണ്ടായി അതുകൊണ്ടു മാത്രമാണു ചിത്രത്തിൽ നിന്നു പിന്മാറുന്നത് എന്നു വിദ്യ പറഞ്ഞു. എല്ലാ മര്യാദകളും പാലിച്ചു തികച്ചും പ്രഫഷണലായാണു താൻ പിന്മാറിയതെന്നു വിദ്യ മുന്‍പു പറഞ്ഞിരുന്നു. മലയാളത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ആഗ്രഹമുണ്ടെന്നും മോഹൻലാലിനൊപ്പം അഭിനയിക്കണം എന്നതു വലിയൊരു ആഗ്രഹമാണെന്നും വിദ്യ പറയുന്നു.
ആമിയു ടെ ചിത്രീകരണം ആരംഭിക്കുന്നതിനു തൊട്ടു മുന്‍പാണു വിദ്യ പ്രോജക്ടിനൊപ്പം ഉണ്ടാവില്ലെന്ന കാര്യം അറിയിച്ചതെന്നും ഇതു തനിക്കു ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും ചിത്രത്തിന്റെ സംവിധായകൻ കമൽ നേരത്തെ പ്രതികരിച്ചിരുന്നു. ചിത്രത്തിൽ നിന്നു പിന്മാറിയതിൽ തനിക്കു പശ്ചാത്താപം ഇല്ല എന്നും വിദ്യ പറയുന്നു. വിദ്യ പിന്മാറിയ റോളിൽ ആമിയിലെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നതു മഞ്ജു വാര്യരാണ്. സിനിമയുടെ ചിത്രീകരണം പുന്നയൂർകുളത്ത് മാർച്ച് 24 ന് ആരംഭിച്ചു.