ആണ്‍മേധാവിത്വമുള്ള ബോളിവുഡില്‍ അഭിനയമികവു കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് വിദ്യാബാലന്‍. വിവാഹം കഴിയുന്നതോടെ ഒട്ടുമിക്ക നടിമാരും വെള്ളിത്തിരയില്‍ നിന്നു താല്‍ക്കാലികമായെങ്കിലും പിന്‍വാങ്ങുമ്പോള്‍ വിദ്യ അതിനൊരപവാദമാണ്.വിദ്യയുടെ ഏറ്റവും പുതിയ ചിത്രമായ തുംഹാരി സുലു ബോക്സോഫിസില്‍ വേണ്ടത്ര വിജയം നേടിയില്ലെങ്കിലും താരത്തിന് സിനിമയ്ക്ക് ഒട്ടും കുറവുമില്ല. വരുന്ന ജനുവരി ഒന്നിന് താരത്തിന് 40 വയസ്സ് പൂര്‍ത്തിയാകുകയാണ്.
വിദ്യയുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷത്തോളമായി. ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാല്‍ കാണാന്‍ ആഗ്രഹമില്ലേയെന്ന ചോദ്യത്തിന് ഒരു കുഞ്ഞിനായുള്ള സമയം തനിക്കില്ലെന്നായിരുന്നു വിദ്യയുടെ മറുപടി. ഓരോ സിനിമയും തനിക്ക് ഒരു കുഞ്ഞിനെപ്പോലെയണെന്നാണ് താരം പറയുന്നത്. തനിക്കിപ്പോള്‍ തന്നെ 20 കുട്ടികളുണ്ടെന്ന് വിദ്യ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇപ്പോള്‍ കൂടുതല്‍ നല്ല സിനിമകള്‍ ചെയ്യാനാണ് താന്‍ ശ്രദ്ധിക്കുന്നതെന്നും വിദ്യ പറഞ്ഞു. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ മനസു തുറന്നത്. പിറന്നാള്‍ ആഘോഷത്തെപ്പോലെ ഒരു ബോറന്‍ പരിപാടി താന്‍ കണ്ടിട്ടില്ലെന്നും വിദ്യ പറയുന്നു. അതിനാല്‍ തന്നെ 40ാം വയസിലേക്ക് എത്തുന്നതിനാല്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ സുഹൃത്തുക്കളോട് പറഞ്ഞുവെന്നും മികച്ച ഐഡിയുമായി ആദ്യം എത്തുന്നത് സുഹൃത്തുക്കളാണോ ഭര്‍ത്താവാണോ എന്ന് കാത്തിരിക്കുകയാണെന്നും വിദ്യ പറയുന്നു. എന്തായാലും ഇനി കുഞ്ഞിക്കാലു കാണണ്ടേയെന്ന് താരത്തിനോട് ആരും ചോദിക്കില്ലെന്നു പ്രത്യാശിക്കാം.