മലയാളികൾക്ക് ഏറെ പരിചിതമായ ബോളിവുഡ് നടിയാണ് വിദ്യാബാലൻ. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരമുൾപ്പടെ നിരവധി അവാർഡുകൾ സ്വന്തമാക്കിയ ഈ താരം ബോളിവുഡിൽ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച നടിയാണ്.
സിൽക്ക് സ്മിതയുടെ ജീവിതം പറഞ്ഞ ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിദ്യക്ക് ദേശീയ പുരസ്കാരം ലഭിച്ചത്.
ചിത്രത്തിൽ അഭിനയിക്കുന്ന സമയത്തെ മാനസികാവസ്ഥയെക്കുറിച്ചും സിനിമാരംഗത്തും സമൂഹത്തിലും പൊതുവെ നടിമാരോടുള്ള കാഴ്ചപ്പാടിനെക്കുറിച്ചും വിദ്യ ഒരിക്കൽ തുറന്നു പറഞ്ഞതു വലുയ വാർത്തയായിരുന്നു.
ഒരു നടിയുടെ ജീവിതം എത്ര കണ്ട് പരിതാപകരമാണെന്ന യാഥാർഥ്യം സിൽക്ക് സ്മിതയുടെ സിനിമ കണ്ടവർക്കേ മനസിലാകൂ. ഞാൻ സിൽക്ക് സ്മിതയുടെ ഫാനല്ല.
എന്നാൽ തെന്നിന്ത്യക്കാരി എന്ന നിലയിൽ അവരുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. അവരുടെ അഭിനയം വളരെ വ്യത്യസ്തമാണ്. അതു തന്നെയാണ് അവരുടെ വിജയവും.
സ്മിതയുടെ ജീവിതം പറഞ്ഞ ഡേർട്ടി പിക്ചറിൽ അഭിനയിക്കുന്പോൾ ഞാൻ യഥാർഥത്തിൽ സിൽക്ക് സ്മിതയായി മാറുകയായിരുന്നു. ആത്മഹത്യ ചെയ്യുന്ന രംഗത്ത് അഭിനയിക്കുന്പോൾ ഞാൻ ആകെ തകർന്നു പോയി.
അവർ തന്റെ മുന്നിലുള്ള ഇരുണ്ട ലോകത്തെ എങ്ങനെ നേരിട്ടു എന്നെല്ലാം ഞാൻ ആലോചിച്ചു പോയി. അന്ന് ഞാൻ മാനസികമായി ആകെ തകർന്നുപോയി, പനിയും ശ്വാസംമുട്ടലും മൂലം എട്ടു ദിവസം ആശുപത്രിയിൽ കഴിഞ്ഞു- വിദ്യ പറഞ്ഞു.
സിനിമ കണ്ടു രസിക്കുന്ന പ്രേക്ഷകർക്ക് അതിൽ അഭിനയിക്കുന്ന നടിമാരെക്കുറിച്ച് പൊതുവെ വലിയ മതിപ്പില്ല. നടിമാർ എന്നു കേൾക്കുന്പോൾ എല്ലാവരുടേയും മനസിൽ അവജ്ഞയാണ്.
എന്നാൽ രഹസ്യമായി ഇവരെ എല്ലാവർക്കും ഇഷ്ടവുമാണ്. നടിമാരെ മനസിൽ സങ്കല്പിച്ച് താലോലിക്കാനും സ്വപ്നം കാണാനും ഇവർക്കെല്ലാം ഇഷ്ടവുമാണെന്നും വിദ്യ ആ അഭിമുഖത്തിൽ പറഞ്ഞു.
-പി.ജി