പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ആമിയില്‍ നിന്നും പിന്മാറിയതിനെക്കുറിച്ച് നടി വിദ്യ ബാലന് പരസ്യ പ്രതികരണങ്ങളൊന്നും തന്നെ ഇതുവരെയും നടത്തിയിരുന്നില്ല. പിന്നീടുയര്‍ന്നുവന്ന വിവാദങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ വിദ്യ മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ ആമിയില്‍ നിന്നും പിന്മാറാനുണ്ടായ കാരണത്തെക്കുറിച്ച് ഇപ്പോള്‍ വ്യക്തമാക്കുകയാണ് വിദ്യ. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിദ്യ ഇതെക്കുറിച്ച് പറഞ്ഞത്.
ഞാന്‍ മാധവിക്കുട്ടിയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷേ കൂടുതല്‍ അറിയുമായിരുന്നില്ല. മാധവിക്കുട്ടിയെക്കുറിച്ച് ആഴത്തില്‍ അറിയാനും പഠിക്കാനും അവരുടെ പുസ്തകങ്ങള്‍ വായിക്കുവാന്‍ തുടങ്ങി. എന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായി എഴുത്തുകാരിയെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടത്തി. ഒരു വ്യക്തി എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും മാധവിക്കുട്ടി എത്രത്തോളം വലുതാണെന്ന തിരിച്ചറിവ് എനിക്കുണ്ടായി. കമലിന്റെ കാഴ്ചപ്പാട് മറ്റൊന്നായിരുന്നു. എന്റെ മാധവിക്കുട്ടിയില്‍ നിന്ന് ഒരുപാട് വ്യത്യസ്തയായിരുന്നു സംവിധായകന്റെ ആമി. അതുകൊണ്ടൊക്കെയാണ് അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ നില്‍ക്കാതെ ഞാന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയത്. വിദ്യ പറഞ്ഞു.