ബോളിവുഡില് ഏറ്റവും വിജയം കൈവരിച്ച മലയാളി സിനിമാനടി ആരെന്ന ചോദ്യത്തിന് ഉത്തരമാണ് വിദ്യ ബാലന്.
മലയാളിയായിട്ടും വിദ്യയ്ക്ക് മലയാള സിനിമ വേണ്ടത്ര പരിഗണന നല്കാഞ്ഞപ്പോള് ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു ബോളിവുഡ് ചെയ്തത്.
ബോളിവുഡില് സൂപ്പര് താരമായി ഉയരുന്നതിന് വര്ഷങ്ങള്ക്ക് മുന്പ്, തുടക്കകാലത്ത് മോഹന്ലാലിനൊപ്പം ‘ചക്രം’ എന്ന സിനിമയിലേക്കു വിദ്യയെ കാസ്റ്റ് ചെയ്തിരുന്നു.
എന്നാല് ആ ചിത്രം പിന്നീട് നടക്കാതെ പോവുകയും മലയാളത്തിലെ അരങ്ങേറ്റം എന്ന വിദ്യയുടെ ആഗ്രഹം നടക്കാതെ പോവുകയുമായിരുന്നു.
ഇപ്പോഴിതാ, മോഹന്ലാലിനൊപ്പം ചക്രത്തിന്റെ സെറ്റില് സമയം ചെലവഴിച്ചപ്പോഴുള്ള അനുഭവം പങ്കുവയ്ക്കുകയാണ് വിദ്യ ബാലന്.
തന്റെ തുടക്കകാലത്ത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പഠിച്ചത് മോഹന്ലാലില് നിന്നായിരുന്നു എന്ന് വിദ്യ പറയുന്നു. ഗലാട്ട പ്ലസിന് വേണ്ടി ഭരദ്വാജ് രംഗനുമായി നടത്തിയ അഭിമുഖത്തിലാണ് വിദ്യ ഇത് പറയുന്നത്.
വിദ്യയുടെ വാക്കുകള് ഇങ്ങനെ… ഏകദേശം ആറ്, ഏഴ് ദിവസത്തോളം മോഹന്ലാലിനൊപ്പം അഭിനയിച്ചു. വാനപ്രസ്ഥം, പവിത്രം തുടങ്ങിയ സിനിമകള് കണ്ട് അദ്ദേഹത്തിന്റെ ഒരു ആരാധികയായി വളരെ അത്ഭുതത്തോടെയാണ് എത്തിയത്.
എന്നാല് അവിടെ ആ സെറ്റില് നിന്നാണ് മോഹന്ലാലില് നിന്ന് ഞാന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പഠിച്ചത്.
എത്ര സമയം കാത്തിരിക്കണമെങ്കില് പോലും അദ്ദേഹം സെറ്റില് പുസ്തകങ്ങള് ഒന്നും വായിക്കില്ല, സ്ക്രിപ്റ്റ് പോലും അങ്ങനെ ഇരുന്ന് വായിക്കില്ല.
അന്ന് അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന് എപ്പോഴും ഇതില് സജീവമായി ഇരിക്കണമെന്നാണ്. അപ്പോഴാണ് സംവിധായകന് ആക്ഷന് പറയുമ്പോള് അതിനനുസരിച്ച് ആ മാജിക്ക് കാണിക്കാന് സാധിക്കുകയുള്ളു എന്നാണ് അദ്ദേഹം പറയുന്നത്.
എപ്പോഴും അദ്ദേഹം ടീമംഗങ്ങളെ സപ്പോര്ട്ട് ചെയ്തിരുന്നു. ഫോക്കസ് നോക്കാന് ഒരാള് ടേപ്പ് വലിക്കുന്നുണ്ടെങ്കില് അതിന്റെ മറ്റൊരു അറ്റം പിടിച്ചു നല്കാനും മറ്റു കാര്യങ്ങള് ചെയ്യാനും അദ്ദേഹം സഹായിക്കും, ഒരു സൂപ്പര് താരം അത് ചെയ്യുന്നത്, തുടക്കകാലത്ത് ഞാന് പഠിച്ച വളരെ പ്രധാനപ്പെട്ട കാര്യമാണ്” വിദ്യ പറഞ്ഞു.
ലോഹിതദാസ് തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധായകന് കമല് ആയിരുന്നു. ദിലീപും ചിത്രത്തില് ഒരു പ്രധാന വേഷത്തില് ഉണ്ടായിരുന്നു.
സംവിധായകനും മോഹന്ലാലും തമ്മിലുള്ള പ്രശ്നം കാരണം രണ്ടാഴ്ചത്തെ ഷൂട്ട് ഇടയില് പലപ്പോഴും ക്യാന്സല് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും വിദ്യ പറയുന്നുണ്ട്.
‘ചക്രം’ പിന്നീട് പൃഥ്വിരാജിനെയും മീര ജാസ്മിനേയും പ്രധാനകഥാപാത്രങ്ങളാക്കി ലോഹിതദാസ് തന്നെ ചിത്രം സംവിധാനം ചെയ്തിരുന്നു.
ചന്ദ്രഹാസന് എന്ന ലോറി ഡ്രൈവറുടേയും ഇന്ദ്രാണി എന്ന പെണ്കുട്ടിയുടേയും പ്രണയമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. എന്നാല് ചിത്രം വലിയ വിജയമായില്ല.