ദേശഭക്തി അടിച്ചേല്‍പ്പിക്കേണ്ടതല്ല! ദേശീയഗാനം കേട്ട് ദിവസം തുടങ്ങാന്‍ സിനിമ കാണാനെത്തുന്നവര്‍ സ്‌കൂളിലല്ലല്ലോ; ബോളിവുഡ് താരം വിദ്യാ ബാലന്‍ ചോദിക്കുന്നു

തിയറ്ററില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണോ വേണ്ടയോ എന്നത് ഇപ്പോഴും രാജ്യത്ത് തര്‍ക്കവിഷയമാണ്. എന്നാല്‍ ഒരു കാരണവശാലും രാജ്യസ്‌നേഹം അടിച്ചേല്‍പ്പിക്കേണ്ടെന്നാണ് ബോളിവുഡ് താരം വിദ്യാ ബാലന്‍ പറയുന്നത്. സിനിമ തുടങ്ങുന്നതിന് മുന്‍പ് ദേശീയ ഗാനം ആലപിക്കേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായമെന്നും വിദ്യ പറഞ്ഞു. ദേശീയഗാനം കേട്ട് ഒരു ദിവസം തുടങ്ങാന്‍ സിനിമ കാണുന്നവര്‍ സ്‌കൂളില്‍ അല്ലല്ലോ എന്നും വിദ്യ ചോദിക്കുന്നു. ദേശഭക്തി ആരുടേയും മേല്‍ അടിച്ചേല്‍പ്പിക്കേണ്ടതല്ല. ഞാന്‍ എന്റെ രാജ്യത്തെ അളവറ്റ രീതിയില്‍ സ്നേഹിക്കുന്നു. അത് നിലനിര്‍ത്താന്‍ ഏതറ്റം വരെ പോകുകയും ചെയ്യും.

തനിക്ക് ദേശഭക്തി കൊട്ടിഘോഷിക്കേണ്ട കാര്യമില്ലെന്നും വിദ്യ പറഞ്ഞു. ദേശീയ ഗാനം കേട്ടാല്‍ താന്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കാറുണ്ടെന്നും വിദ്യാ ബാലന്‍ പറഞ്ഞു. സിനിമയെ രാഷ്ട്രീയ പ്രസ്താവനയായി കാണരുതെന്ന് വിദ്യ പറഞ്ഞു. മെര്‍സല്‍ ചിത്രത്തിന്റെ വിവാദത്തിലായിരുന്നു പ്രതികരണം. സിനിമ ഒരാളുടെ ഭാവനയോ വ്യാഖ്യാനമോ ആണ്. അതൊരിക്കലും രാഷ്ട്രീയ പ്രസ്താവനയായി കാണരുത്-വിദ്യ പറഞ്ഞു. തിയറ്ററുകളില്‍ സിനിമയ്ക്ക് മുന്‍പ് ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുനപരിശോധിക്കുമെന്ന് അടുത്തിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാ ബാലന്‍ നിലപാട് വ്യക്തമാക്കിയത്. 2016 നവംബറിലാണ് തീയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധിതമാക്കി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേത്തുടര്‍ന്നായിരുന്നു വിദ്യാ ബാലന്റെ പ്രതികരണം.

 

Related posts