മീടു ക്യാമ്പയ്ന്‍ പടര്‍ന്നു പിടിച്ചപ്പോള്‍ നിരവധി ആളുകളാണ് കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയത്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ വിദ്യാബാലന്‍. വിദ്യാബാലന്റെ വാക്കുകള്‍ ഇങ്ങനെ..’ഒരു ദിവസം ഞാന്‍ ഓര്‍ക്കുന്നു. ചെന്നൈയില്‍ വച്ച് ഒരു സംവിധായകന്‍ എന്നെ കാണാന്‍ വന്നു. ഞാന്‍ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിന് അവിടെ എത്തിയതായിരുന്നു. നമുക്ക് കോഫി ഷോപ്പില്‍ വച്ച് സംസാരിക്കാം എന്നു ഞാന്‍ പറഞ്ഞു.
എന്നാല്‍, വേണ്ട എന്റെ മുറിയിലേയ്ക്ക് പോകാം എന്നായിരുന്നു അയാളുടെ മറുപടി. ഇവിടെ കുറേ ആള്‍ക്കാരുണ്ട് അതുകൊണ്ട് മുറിയില്‍ പോകാം എന്ന് അയാള്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഞാന്‍ അപ്പോള്‍ ഒരു കാര്യം ചെയ്തു. വാതില്‍ തുറന്നിട്ടു. പിന്നെ അഞ്ച് മിനിറ്റ് കൊണ്ട് അയാള്‍ അപ്രത്യക്ഷനായി. അയാള്‍ ഒന്നും പറഞ്ഞില്ല. അത്തരത്തില്‍ ഒരു മോശം അനുഭവം മാത്രമാണ് എനിക്ക് ഉണ്ടായത്.’വിദ്യ വെളിപ്പെടുത്തുന്നു.
മ്യൂസിക് വീഡിയോകളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലന്‍ തന്റെ കലാ ജീവിതം ആരംഭിക്കുന്നത്. 1995-ല്‍ ഹം പാഞ്ച് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് വിദ്യയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം.ബംഗാളി സിനിമയയായ ഭലോ ദേക്കോ(2003)യിലൂടെയാണ് വിദ്യ വെള്ളിത്തിരയില്‍ എത്തുന്നത്. പരിണീത എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ഈ സിനിമയില്‍ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം അവര്‍ക്ക് ലഭിക്കുകയുണ്ടായി. പിന്നീട് രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയത ലഗേ രഹോ മുന്നാഭായി (2006) എന്ന സിനിമ വിദ്യയക്ക് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു. ആറു ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ആറു സ്‌ക്രീന്‍ പുരസ്‌കാരങ്ങളും ഒരു ദേശീയപുരസ്‌കാരവും വിദ്യയെ തേടിയെത്തി. 2012 ഡിസംബര്‍ 14-ന് വിദ്യ നിര്‍മാതാവ് സിദ്ധാര്‍ത്ഥ് റോയ് കപൂറിനെ വിവാഹം ചെയ്തു. ഇന്ന് മിഷന്‍ മംഗള്‍ പോലുള്ള വമ്പന്‍ സിനിമകളുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകമാണ് വിദ്യ. ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍. വിദ്യയും ഒടുവില്‍ സിനിമയിലെ അപമാനങ്ങള്‍ തുറന്നു പറയുകയാണ്.
ഇ.ടി.സി ഇന്ത്യയുടെ വൈസ് പ്രസിഡന്റായ പി.ആര്‍ ബാലന്റേയും സരസ്വതി ബാലന്റേയും മകളായി പാലക്കാട് ജില്ലയിലെ പുത്തൂര്‍ പൂതംകുറിശ്ശിയില്‍ 1979 ജനുവരി 1-ന് ആണ് വിദ്യ ബാലന്റെ ജനനം. ഹിന്ദി, മറാഠി, ഇംഗ്ലീഷ്, ബംഗാളി എന്നീ ഭാഷകള്‍ വിദ്യയ്ക്ക് നന്നായി വഴങ്ങുമെങ്കിലും തന്റെ വീട്ടില്‍ തമിഴും മലയാളവും ചേര്‍ന്ന ഭാഷയാണ് സംസാരിക്കുന്നത് എന്ന് വിദ്യ പറഞ്ഞിട്ടുണ്ട്. വിദ്യയുടെ ചേച്ചി പ്രിയ ബാലന്‍, പരസ്യചിത്രീകരണരംഗത്ത് ജോലി ചെയ്യുന്നു. മുംബൈയിലെ ചേംബൂറിലാണ് വിദ്യ വളര്‍ന്നത്. വിദ്യാഭ്യാസത്തിനു ശേഷം ചെയ്ത ആദ്യ ടിവി പരമ്പര തന്നെ വിജയമായതോടെ വിദ്യയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
എന്നാല്‍ കരിയറിന്റെ തുടക്കകാലത്ത് നിരവധി ദുരനുഭവങ്ങള്‍ താന്‍ നേരിട്ടിട്ടുണ്ടെന്ന് വിദ്യ തുറന്നു പറയുകയാണ് ഇപ്പോള്‍. ഒരുപാട് ചിത്രങ്ങളില്‍ നായികയായി പരിഗണിച്ചിരുന്നുവെങ്കിലും അവസാനനിമിഷങ്ങളില്‍ മാറ്റി. ചിലതില്‍ നിന്ന് ഷൂട്ട് തുടങ്ങിയതിന് ശേഷം മാറ്റിയിരുന്നു. ഷൂട്ട് ചെയ്ത രംഗങ്ങള്‍ തന്റെ മാതാപിതാക്കളെ കാണിച്ച് തന്നെ കണ്ടാല്‍ ഒരു നായികയെ പോലെ ഉണ്ടോയെന്നും ഒരിക്കല്‍ നിര്‍മ്മാതാവ് ചോദിച്ചിരുന്നുവെന്നും വിദ്യ പറയുന്നു. ‘ഒരു ടെലിവിഷന്‍ സീരിയലിനുവേണ്ടിയായിരുന്നു എന്റെ ആദ്യ ഓഡിഷന്‍. അന്ന് കോളജില്‍ പഠിക്കുകയായിരുന്നു ഞാന്‍. അവിടെ വച്ചാണ് ഓഡിഷന്‍ പോസ്റ്റര്‍ കാണുന്നത്. സഹോദരിയാണ് എനിക്കു വേണ്ടി കത്തെഴുതിയതും സ്റ്റുഡിയോയില്‍ ചിത്രമെടുക്കാന്‍ ഒപ്പം വന്നതും. എനിക്ക് ഓഡിഷനുള്ള കത്ത് ലഭിക്കുകയും ചെയ്തു.’
‘ഏതാണ്ട് എഴുപത്, എണ്‍പത് പേരെങ്കിലും ഉണ്ടായിരുന്നു അന്നവിടെ. കാലത്ത് പതിനൊന്ന് മണിക്ക് അവിടെ എത്തിയിട്ട് എനിക്ക് അവസരം ലഭിച്ചത് വൈകിട്ട് ഏഴ് മണിക്കാണ്. എന്റെ അമ്മ ചോദിച്ചു. ‘നിനക്ക് ശരിക്കും ഇത് വേണോ. ഒരുപാട് കാത്തിരിക്കേണ്ടിയെല്ലാം വരില്ലേ’ എന്നൊക്കെ ചോദിച്ചു. അവസാനം ആ ഓഡിഷനില്‍ ഞാന്‍ തിരിഞ്ഞെടുക്കപ്പെട്ടു.’ ‘എട്ട് മാസം ഞാന്‍ അഭിനയിച്ചു. പക്ഷേ ആ സീരിയലിന്റെ പ്രൊഡക്ഷന്‍ ഇടയ്ക്കുവച്ചു നിര്‍ത്തി. പുതിയതായി തുടങ്ങുന്ന ടിവി ചാനലിനു വേണ്ടിയായിരുന്നു സീരിയല്‍ ചിത്രീകരിച്ചത്. നിര്‍ഭാഗ്യവശാല്‍ ആ ചാനല്‍ തന്നെ വേണ്ടെന്നുവച്ചു. അതോടെ സീരിയലും പൂട്ടി. എന്നെ സംബന്ധിച്ചടത്തോളം അതൊരു ഷോക്ക് ആയിരുന്നു. കരിയറിന്റെ തുടക്കം തന്നെ നിര്‍ഭാഗ്യം’.
‘പിന്നെ ഞാന്‍ ഓഡിഷനൊന്നും പോയില്ല. പടങ്ങള്‍ അയച്ചുകൊടുത്തതുമില്ല. ആയിടയ്ക്കാണ് ബാലാജി സ്റ്റുഡിയോയില്‍ നിന്ന് വിളി വരുന്നത്. ടെലിവിഷന്‍ പരസ്യത്തിനു വേണ്ടിയിയായിരുന്നു. അപ്പോഴാണ് ഹം പാഞ്ച് സംഭവിക്കുന്നത്. ഒരു വിഡിയോ ശില്‍പശാലയില്‍ പങ്കെടുക്കുകയായിരുന്നു ഞാന്‍. അതിന്റെ വിധികര്‍ത്താവാണ് പരസ്യത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിക്കുന്നത്. അങ്ങനെ നാല്‍പത് പേര്‍ പങ്കെടുത്ത ഒരു ഓഡിഷനില്‍ ഞാനും പങ്കാളിയായി. ‘ആ കാലത്ത് മലയാളം ഉള്‍പ്പടെ വാക്കാല്‍ കരാര്‍ ഉറപ്പിച്ച പതിനാല് സിനിമകള്‍ എനിക്ക് നഷ്ടമായി. മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും പുറത്തായി. ഹൃദയഭേദകമായിരുന്നു ആ അനുഭവങ്ങള്‍. ഒരു തമിഴ് ചിത്രത്തില്‍ നിന്ന് വലിച്ചെറിയപ്പെടുകയായിരുന്നു ഞാന്‍. ആ സംഭവത്തില്‍ എന്റെ വീട്ടുകാരും ഒപ്പം വന്നിരുന്നു. ഞാന്‍ ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു. കാര്യമറിയാര്‍ അവര്‍ എനിക്കൊപ്പം ചെന്നൈയില്‍ എത്തി’.
‘ഞങ്ങള്‍ നിര്‍മ്മാതാവിന്റെ ഓഫീസിലെത്തി. അദ്ദേഹം സിനിമയിലെ ചില ക്ലിപ്പിംഗുകള്‍ ഞങ്ങളെ കാണിച്ചു. എന്നിട്ട് ചോദിച്ചു: ‘ഇവളെ ഒരു നായികയെ പോലെ തോന്നുന്നുണ്ടോ. സത്യസന്ധമായി പറഞ്ഞാല്‍ ഇവളെ നായികയാക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. സംവിധായകനായിരുന്നു നിര്‍ബന്ധം’. ഈ വിവരം അറിയുമ്പൊഴേക്കും അവര്‍ എന്നെ ചിത്രത്തില്‍ നിന്ന് മാറ്റിക്കഴിഞ്ഞിരുന്നു. എന്റെ വീട്ടുകാര്‍ക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്തായിരുന്നു പ്രശ്‌നം എന്നറിയാന്‍ മാത്രമാണ് ഞങ്ങള്‍ നിര്‍മാതാവിനെ ചെന്നു കണ്ടത്.’ ‘ഈ സംഭവത്തിനു ശേഷം മറ്റെന്തെങ്കിലും നോക്കിക്കൂടെ എന്നായിരുന്നു അവര്‍ അന്ന് എന്നോട് ചോദിച്ചത്. ആത്മനിന്ദയായിരുന്നു എനിക്ക് അപ്പോള്‍ തോന്നിയത്. ഏതാണ്ട് ആറു മാസത്തോളം ഞാന്‍ കണ്ണാടിയില്‍ പോലും എന്നെ നോക്കിയില്ല. ഒരു വൃത്തികെട്ട രൂപമായാണ് എനിക്ക് എന്നെ തന്നെ തോന്നിയിരുന്നത്’. വിദ്യ പറയുന്നു.
‘ആ പറഞ്ഞതിന് അയാളോട് കുറേക്കാലം ഞാന്‍ ക്ഷമിച്ചിരുന്നുമില്ല. പക്ഷേ, മറ്റ് പലതും പോലെ ഈ അനുഭവവും എന്നെ ഒരു പാഠം പഠിപ്പിച്ചു. ഞാന്‍ എങ്ങനെയാണോ അതുപോലെ തന്നെ, എന്നെ ഞാന്‍ തന്നെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്ന് ആ അനുഭവമാണ് എന്നെ പഠിപ്പിച്ചത്. ചിലര്‍ നമ്മളെ സൗന്ദര്യമുള്ളവരായി കണ്ടേക്കും ചിലര്‍ നമ്മളെ അങ്ങേയറ്റം വൃത്തികെട്ടവരായി കണ്ടേക്കും. പക്ഷേ, നമ്മളെ തന്നെ എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം.
‘ആദ്യകാലങ്ങളില്‍ തമിഴ് ചിത്രത്തിലും വാക്കാല്‍ കരാറായിരുന്നു. അന്നൊക്കെ ഫോണില്‍ വിളിച്ചാണ് ചിത്രത്തില്‍ കരാര്‍ ഒപ്പിടുന്നത്. അന്ന് നേരിട്ടുവന്നു കാണുന്ന പരിപാടിയൊന്നും ഇല്ല. അങ്ങനെ ഞാന്‍ ചെന്നൈയില്‍ എത്തി ഒരു ദിവസം ഷൂട്ട് ചെയ്യുകയും ചെയ്തു. എനിക്ക് അസ്വസ്ഥത ഉഉണ്ടാക്കുന്നതായിരുന്നു അതിലെ ഹാസ്യം. എല്ലാം ദ്വയാര്‍ഥമുള്ള ഡയലോഗുകള്‍. അതൊരു സെക്സ് കോമഡി ആയിരുന്നോ എന്നെനിക്ക് അറിയില്ലായിരുന്നു. ഇതുപോലുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് താത്പര്യമില്ലെന്ന് ഞാന്‍ തുറന്നു പറഞ്ഞു. അങ്ങനെ ഞാന്‍ അത് ഉപേക്ഷിച്ച് തിരിച്ചുവന്നു. അയാള്‍ പിന്നീട് എനിക്ക് ഒരു വക്കീല്‍ നോട്ടീസ് അയച്ചു.’
‘തുടക്കകാലത്ത് ആളുകള്‍ നമ്മളോട് മാന്യമായി പെരുമാറി എന്നു വരില്ല. അതൊന്നും എനിക്ക് ഇഷ്ടമായിരുന്നില്ല. അങ്ങനെയല്ല എന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചിരുന്നത്. ബഹുമാനം നല്‍കിയാല്‍ തിരിച്ചുകിട്ടും എന്നായിരുന്നു എന്റെ മനസ്സില്‍. അവര്‍ എന്നോട് മോശമായി പെരുമാറി എന്നല്ല, പക്ഷേ, ഞാന്‍ അവര്‍ക്കൊപ്പം അസ്വസ്ഥയായിരുന്നു. ആ വക്കീല്‍ നോട്ടീസില്‍ ഭയവും ഇല്ലായിരുന്നു. അങ്ങനെ ആ കേസ് ഒത്തുതീര്‍ന്നു. ഇതൊക്കെ വലിയ അനുഭവങ്ങളായിരുന്നു.’
‘പരിണീതയ്ക്കുവേണ്ടി എത്ര ഓഡിഷന്‍ നല്‍കിയെന്ന് എനിക്ക് തന്നെ ഓര്‍മയില്ല. ആളുകള്‍ പല കണക്കുകളും പറയുന്നുണ്ട്. നാല്‍പതോ അറുപതോ എഴുപതോ ഓഡിഷന്‍ ഉണ്ടായി കാണും. എല്ലാ മാസവും ആഴ്ചയും ഒക്കെ പ്രദീപ് സര്‍ക്കാര്‍ ഇടയ്ക്ക് പറയും നമുക്ക് ഒരു ടെസ്റ്റ് നടത്താം എന്ന്. വല്ലാണ്ടാവുമ്പോള്‍ ഞാന്‍ ചോദിക്കും, നിങ്ങളെന്താണ് എന്റെ വിരലാണോ പരിശോധിക്കുന്നത് എന്ന്. പക്ഷേ, അവര്‍ അത് തുടര്‍ന്നു. കാരണം അതൊരു ബിഗ് ബജറ്റ് ചിത്രമായിരുന്നു. എന്റേത് ടൈറ്റില്‍ റോളല്ലെ. അതുകൊണ്ട് ഞാന്‍ അതിന് തയ്യാറാണെന്ന് അവര്‍ക്ക് ഉറപ്പു വരുത്തേണ്ടതുണ്ടായിരുന്നു.’വിദ്യാ ബാലന്‍ പറയുന്നു. വിദ്യയുടെ വെളിപ്പെടുത്തല്‍ ഇതിനോടകം വലിയ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു.