കമലാ സുരയ്യയുടെ ജീവിതം പ്രമേയമാക്കി കമല്‍ സംവിധാനം ചെയ്യുന്ന സിനിമ ആമി പ്രതിസന്ധിയിലെന്നു റിപ്പോര്‍ട്ടുകള്‍. നായിക വിദ്യാബാലന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെ ചിത്രീകരണം മുടങ്ങുമെന്ന അവസ്ഥയിലാണത്രേ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കമല്‍ വിമര്‍ശിച്ചതാണ് വിദ്യയുടെ പിന്മാറ്റകാരണമെന്ന അഭ്യൂഹങ്ങളും ശക്തമായി ഉയരുന്നുണ്ട്.
തുടക്കത്തില്‍ കമലാ സുരയ്യയാകാന്‍ വലിയ താല്പര്യം കാണിച്ച നായിക വിദ്യാ ബാലന്റെ അപ്രതീക്ഷിത നിലപാട് മാറ്റം ചിത്രത്തിനായി ആവേശത്തോടെ കാത്തിരുന്നവരെ നിരാശയിലാക്കി. എട്ടു മാസം മുമ്പ് വിദ്യക്ക് കമല്‍ തിരക്കഥ നല്‍കി. ആവേശത്തോടെ ഫോട്ടോഷൂട്ടില്‍ വിദ്യ പങ്കെടുക്കുകയും ചെയ്തു. ഗാനങ്ങള്‍ റിക്കാര്‍ഡ് ചെയ്തു, സെറ്റിന്റെ പണിയും തീര്‍ന്നു. രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ശേഷം ഡിസംബര്‍ 19ന് ചിത്രീകരണം തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ വിദ്യാബാലന്‍ സംവിധായകനെ ഞെട്ടിച്ച് കൂടുതല്‍ സമയമാവശ്യപ്പെട്ടു.
നിരന്തരം അന്വേഷിച്ചപ്പോഴും കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കൂടുതല്‍ സമയം വേണമെന്ന മറുപടി മാത്രമാണ് വിദ്യ നല്‍കിയതെന്ന് കമല്‍ പ്രമുഖ ചാനലിനോടു പറഞ്ഞു. മോദിയുടെ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരിലാണ് കമലിന്റെ സിനിമയില്‍ നിന്നും വിദ്യ പിന്മാറിയതെന്ന രീതിയില്‍ സമൂഹമാധ്യങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച സജീവമാണ്. കേന്ദ്ര സര്‍ക്കാരിന്റെ പല പദ്ധതികളു ടേയും ബ്രാന്‍ഡ് അംബാസഡറാണ് വിദ്യ. ഇതേക്കുറിച്ച് അറിയില്ലെന്നാണ് കമലിന്റെ പ്രതികരണം. വിവാദങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ വിദ്യയുടെ മാനേജരും കൃത്യമായ മറുപടി നല്‍കിയില്ല. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന സ്വപ്നസിനിമ പ്രതിസന്ധി യിലായതിന്റെ അങ്കലാപ്പിലാണ് കമലും അണിയറക്കാരും.