ഇന്ത്യന്‍ സിനിമയിലെ വനിതാ സൂപ്പര്‍സ്റ്റാറാണ് വിദ്യാ ബാലന്. പുതിയ ചിത്രമായ ‘തുംഹാരി സുലു’ വിന്റെ പ്രചരണത്തിലാണ് വിദ്യയിപ്പോള്‍. അതിനോടനുബന്ധിച്ച് നടക്കുന്ന അഭിമുഖങ്ങളിലൊന്നിലാണ് വിദ്യാ ‘എഗണി ആന്റ് ‘ കളിക്കാന്‍ തയ്യാറായത്. ആനുകാലികങ്ങളില്‍ വരുന്ന ‘സ്വകാര്യപ്രശ്ന പരിഹാര’ കോളങ്ങളില്‍ ഉപദേശം നല്കുന്ന സ്ത്രീകളെയാണ് ‘എഗണി ആന്റ്’ എന്ന് വിളിക്കുന്നത്. അഭിമുഖത്തില്‍ വിദ്യ നേരിട്ട ചോദ്യങ്ങളിലൊന്ന് ഇതായിരുന്നു. ‘എന്റെ ബോയ്ഫ്രണ്ടിനോട് വീഡിയോ കോളില്‍ സംസാരിച്ചത് ഒരു പുരുഷ സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ്. ഞാന്‍ എന്റെ വീട്ടിലാണ് എന്നാണ് ബോയ്ഫ്രണ്ട് കരുതിയിരുന്നത്. സംസാരിച്ചു കഴിഞ്ഞ ശേഷമാണ് ഞാന്‍ തിരിച്ചറിഞ്ഞത് ആ സുഹൃത്തിന്റെ വീട്ടിലെ ചുമരുകളില്‍ നിറയെ കിളികളുടെ ചിത്രമാണ് എന്ന്. എന്റെ വീട്ടിലെ ചുമരുകളില്‍ അതില്ല. എന്റെ ബോയ്ഫ്രണ്ട് വൈകാതെ എന്റെ വീട്ടിലേക്ക് വരുമെന്നും പറഞ്ഞിട്ടുണ്ട്. കിളികളുടെ കാര്യത്തില്‍ ഞാന്‍ എന്ത് ചെയ്യണം?’
ഇതിന് മറുപടിയായി വിദ്യാ പറഞ്ഞത്, ‘ആ കിളിയെല്ലാം പറന്നു പോയി’ എന്ന് ബോയ്ഫ്രണ്ടിനോട് പറയൂ എന്നാണ്’. കൂടെ ഒരു ഉപദേശവും. ‘ഒരു തവണ ബോയ്ഫ്രണ്ട് ഇത് ക്ഷമിച്ചെന്നു വരും. പക്ഷെ ഇടയ്ക്കിടയ്ക്ക് ‘കിളി പോകുന്നത്’ നിങ്ങളുടെ ബന്ധത്തിന് ദോഷം ചെയ്യും, അത് കൊണ്ട് സൂക്ഷിച്ചാല്‍ ദുഖിക്കണ്ട എന്നു സാരം.വിദ്യാ ബാലന് കേന്ദ്ര കഥാപാത്രമായ സുലോചന എന്ന റേഡിയോ ജോക്കിയായ വീട്ടമ്മയെ അവതരിപ്പിക്കുന്ന ‘തുംഹാരി സുലു’, നവംബര്‍ 17 ന് തിയേറ്ററുകളില്‍ എത്തും. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിദ്യാ ബാലനെക്കൂടാതെ നേഹാ ധൂപിയ, മാനവ് കൌള്‍ എന്നിവരും അഭിനയിക്കുന്നു.
രാത്രി കാലങ്ങളില്‍ റേഡിയോയിലൂടെ തരളമായ ശബ്ദത്തില്‍ സംസാരിക്കുന്ന അവതാരകയാണ് സുലു. പകല്‍ ജീവിതത്തില്‍ മുംബൈയിലെ ഇടത്തരം കുടുംബത്തിലെ സാധാരണ വീട്ടമ്മയായും മാറുന്നു. ഹാസ്യപ്രധാനമായ ‘തുംഹാരി സുലു’ വിദ്യാ ബാലനെ വീണ്ടും തിരക്കുള്ള നായികയാക്കും എന്നാണ് കരുതുന്നത്. ഈ വര്‍ഷമാദ്യം ഇറങ്ങിയ ബീഗം ജാന്‍, മുന്‍ വര്‍ഷത്തെ ചിത്രങ്ങളായ കഹാനി 2, ഹമാരി അധൂരി കഹാനി, ബോബി ജാസൂസ്, ഗണ്ച്ചക്കര്, ഇവയൊന്നും തന്നെ പ്രതീക്ഷിച്ച വിജയം നേടിയില്ല. ദി ഡേര്‍ട്ടി പിക്ചര്‍ (2011), കഹാനി (2012) എന്നിവയായിരുന്നു ഏറ്റവുമൊടുവില്‍ ബോക്സ് ഓഫീസില്‍ വിജയം കണ്ട വിദ്യാ ബാലന് ചിത്രങ്ങള്‍. കമലിന്റെ ആമിയില്‍ മാധവിക്കുട്ടിയാകാന്‍ ആദ്യം തീരുമാനിച്ചിരുന്നത് വിദ്യയെ ആയിരുന്നെങ്കിലും അവസാന നിമിഷം മഞ്ജു വാര്യര്‍ക്ക് നറുക്കു വീഴുകയായിരുന്നു.