താരാരാധന ഒരു പരിധി വിട്ടാല്‍ ആരാധകര്‍ക്കും ആരാധിക്കപ്പെടുന്നവര്‍ക്കും ബുദ്ധിമുട്ടാണ്. പൊതുഇടങ്ങളില്‍ അവരനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയൊന്നുമല്ല. താരങ്ങളില്‍ പലര്‍ക്കും ഇത്തരം അവസരങ്ങളില്‍ നിയന്ത്രണം വിട്ടുപോയിട്ടുമുണ്ട്. നടി വിദ്യാ ബാലനാണ് ഏറ്റവും ഒടുവില്‍ ക്ഷമ നഷ്ടപ്പെട്ട് ആരാധകനോട് ദേഷ്യപ്പെടേണ്ടി വന്നിരിക്കുന്നത്. മുംബൈ വിമാനത്താവളത്തിലായിരുന്നു സംഭവം.
മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിദ്യാ ബാലനെ കണ്ടപ്പോള്‍ ഒരു കൂട്ടം ആരാധകര്‍ താരത്തിന്റെ പിറകേയെത്തി. എല്ലാവര്‍ക്കും ഉണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം. വിദ്യാ ബാലനൊപ്പം ഒരു സെല്‍ഫി പകര്‍ത്തുക. അതിനായി വിദ്യ നടക്കുന്നതിനൊപ്പം ആരാധകരും ഒപ്പം നടന്ന് സെല്‍ഫിയെടുക്കാന്‍ തുടങ്ങി. ചിലര്‍ക്കൊപ്പം വിദ്യ സെല്‍ഫിക്കായി നിന്നു കൊടുക്കുകയും ചെയ്തു.
എന്നാല്‍ ചിലരാകട്ടെ വിദ്യയുടെ അനുമതി ചോദിക്കാതെ ഒപ്പം നിന്ന് സെല്‍ഫിക്ക് ശ്രമിച്ചു. തന്റെ അനുവാദമില്ലാതെ ഒരു ആരാധകന്‍ ശരീരത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത് വിദ്യയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ആരാധകനോട് വിദ്യ ദേഷ്യപ്പെട്ടു. അതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിലര്‍ വിദ്യയെ അനുകൂലിക്കുമ്പോള്‍ മറ്റുചിലര്‍ അവരെ അഹങ്കാരിയായി മുദ്രകുത്തുകയും ചെയ്യുന്നുണ്ട്.