കാലം വളരെയേറെ മുന്നോട്ടുപോയെങ്കിലും സ്ത്രീകളോടുള്ള സമീപനത്തില് സമൂഹത്തിന് മാറ്റമൊന്നുമുണ്ടായിട്ടില്ലെന്ന് പ്രശസ്ത ബോളിവുഡ്താരം വിദ്യാ ബാലന്. സ്ത്രീകള്ക്കുവേണ്ടിയുളളതല്ല ഈ രാജ്യമെന്നും ഇവിടെ നമ്മള് രണ്ടാം തരം പൗരന്മാരാണെന്നും വിദ്യാബാലന് പറഞ്ഞു. പൂര്ണ്ണമായും പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹമാണ് ഇവിടെ നിലനില്ക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ബീഗം ജാനിന്റെ പ്രചരണാര്ത്ഥം സംഘടിപ്പിച്ച ചടങ്ങില് സംസാരിക്കുകയായിരുന്നു നടി.
ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ തന്നെ സിനിമാ ലോകത്ത് തന്റെതായൊരു ഇടം കണ്ടെത്തിയ നടിയാണ് വിദ്യാ ബാലന്. പുതിയ ചിത്രത്തിലെ നടിയുടെ ഗെറ്റപ്പ് തന്നെ പ്രേക്ഷകരില് ആകാംഷ ഉണ്ടാക്കിയിട്ടുണ്ട്. തന്റെ കഥാപാത്രത്തെ സംബന്ധിച്ചുള്ള മറുപടിയിലാണ് രാജ്യത്തെ സ്ത്രീകളുടെ പദവിക്ക് യാതൊരു മാറ്റവും വന്നില്ലെന്ന അഭിപ്രായം വിദ്യാ ബാലന് വ്യക്തമാക്കിയത്. സ്ത്രീകള് ആരുടെയൊക്കെയോ നിയന്ത്രണത്തിലാണ്. അത്തരം നിയന്ത്രണങ്ങളില് നിന്നും പുറത്തുകടന്നാല് മാത്രമേ ഉയര്ച്ച ഉണ്ടാകുകയുള്ളൂയെന്നും വിദ്യാബാലന് പറഞ്ഞു.
വേശ്യാലയം നടത്തിപ്പുകാരിയായാണ് ബീഗം ജാനില് വിദ്യാ ബാലന് എത്തുന്നത്. ഇന്ത്യ പാക് വിഭജനകാലത്ത് അതിര്ത്തിയിലായ ഒരു വേശ്യാലയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. റിതു പര്ണ സെന് ഗുപ്ത നായികയായ രാജ്കഹാനി എന്ന ബംഗാളി ചിത്രത്തിന്റെ റീമെയ്ക്കാണ് ബീഗം ജാന്. ചിത്രത്തിന്റെ ട്രെയിലറിന് വന് വരവേല്പ്പാണ് ലഭിച്ചത്. വേശ്യാലയത്തിലെ അന്തേവാസികളുടെ ജീവിതവും സുഖ ദുഃഖങ്ങളും ഉള്പ്പെടുന്ന യഥാര്ത്ഥ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.