മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ സാഗരികാ ഘോഷിന്റെ ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവർഫുൾ പ്രൈംമിനിസ്റ്റർ എന്ന പുസ്തകത്തെ ആധാരമാക്കിയെടുക്കുന്ന ചിത്രത്തിൽ വിദ്യാബാലൻ മുഖ്യവേഷത്തിലെത്തും.
ഇന്ദിരയുടെ റോൾ ഞാൻ എന്നും ആഗ്രഹിച്ചതാണ്. സാഗരികാ ഘോഷിന്റെ ഇന്ദിരയുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇതൊരു സിനിമയാണോ അതോ വെബ് സീരിസാണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല-ദേശീയ അവാർഡ് നേടിയ താരം ഒരു പത്രക്കുറിപ്പിൽ വ്യക്തമാക്കി.
വിദ്യാബാലനെ പോലൊരു നടിയെ നായികയാക്കി ഇന്ദിരയെ സ്ക്രീനിലെത്തിക്കാൻ കഴിയുകയെന്നത് തീർച്ചയായും ത്രില്ലടിപ്പിക്കുന്ന കാര്യമാണ്-വാർത്തയെക്കുറിച്ച് ഘോഷിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. പരിണീതി, ഇഷ്ഖിയ, കഹാനി, ഡേർട്ടി പിക്ചർ, തുമാരി സുലു തുടങ്ങിയ ചിത്രങ്ങളിലെ തകർപ്പൻ പ്രകടനത്തിലൂടെ ഏത് തരം കഥാപാത്രങ്ങളും തന്റെ കൈകളിൽ ഭദ്രമായിരിക്കുമെന്ന് വിദ്യാബാലൻ തെളിയിച്ചിട്ടുണ്ട്. അതേ സമയം ശക്തയായ ഭരണാധികാരിയും ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയെ വെള്ളിത്തിരയിലെത്തിക്കുകയെന്നത് അത്ര എളുപ്പമുള്ള ജോലിയായിരിക്കില്ലെന്ന് ഉറപ്പാണ്.
ജഗർമോട്ട് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ പല കാര്യങ്ങളും ഇതിനകം വിവാദമായിട്ടുണ്ട്. മതം, പ്രേമം, അടിയന്തരാവസ്ഥ തുടങ്ങിയ വിഷയങ്ങളിൽ പുസ്തകത്തിലുള്ള പരാമർശങ്ങൾ ചിത്രത്തിലുമുണ്ടെങ്കിൽ അതു പുതിയ വിവാദങ്ങളുടെ തുടക്കവുമായിരിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.