അടൂർ: വിദ്യാർഥികളില്‍ വനത്തിന്റെയും വൃക്ഷങ്ങളുടെയും പ്രാധാന്യം മനസിലാക്കി നല്‍കുക എന്നതാണ് വിദ്യാവനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ.രാജു. അടൂര്‍ ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ വനമഹോത്സവത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വനങ്ങള്‍ സംരക്ഷിക്കുകയെന്ന സന്ദേശമാണു വനമഹോത്സവം മുന്നോട്ടുവയ്ക്കുന്നത്. വനമഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പതിനെട്ടാമത്തെ വന്യജീവി സങ്കേതം നിലമ്പൂരിലെ കരിമ്പുഴയില്‍ 226 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ പ്രഖ്യാപിച്ചു.
തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നാലു ലക്ഷം വൃക്ഷതൈകള്‍ നട്ടാണ് വനമഹോത്സവം ജൂലൈ ഒന്നിന് ആരംഭിച്ചത്. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഈ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ്.
ഇതിന്റെ ഒന്നും രണ്ടും ഘട്ട പ്രവര്‍ത്തനങ്ങള്‍ 90 ശതമാനത്തില്‍ അധികം പൂര്ത്തിയായികഴിഞ്ഞുവെന്നും മന്ത്രി കെ.രാജു പറഞ്ഞു. വിദ്യാവനം പദ്ധതിയുടെ ഭാഗമായി അടൂര്‍ ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ മന്ത്രി കെ.രാജു, ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി തുടങ്ങിയവര്‍ വൃക്ഷത്തേകൾ നട്ടു.
സ്കൂളിന്റെ അഞ്ചു സെന്റ് സ്ഥലത്താണ് 40 തെരഞ്ഞെടുത്ത അപൂര്‍വയിനം മരങ്ങള്‍ നട്ടത്. ഇവിടെ ഡിജിറ്റല്‍ വൃക്ഷത്തൈ ലൈബ്രറിയും സ്ഥാപിച്ചിട്ടുണ്ട്.
പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബെന്നിച്ചന് തോമസ്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന് കുമാര്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഐ.സിദ്ദിഖ്, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.ബി സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനപ്രഭ, കോന്നി ഡിഎഫ്ഒ ശ്യാം മോഹന്‍ലാല്‍,
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി, ജില്ലാ പഞ്ചായത്തംഗം ടി.മുരുകേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ആശാ ഷാജി, ഗ്രാമപഞ്ചായത്തംഗം കുഞ്ഞുമോള്‍ കൊച്ചുപാപ്പി, പ്രിന്‍സിപ്പല്‍ സജി വര്‍ഗീസ്, ഹെഡ്മിസ്ട്രസ് കെ. മിനി, പിടിഎ പ്രസിഡന്റ് കെ.ഹരിപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.