ദേശീയപുരസ്കാരം നൽകിയ ഡർട്ടി പിക്ചറിന് പിന്നാലെ വീണ്ടും ഞെട്ടിക്കാനൊരുങ്ങി വിദ്യാബാലൻ. വിദ്യാബാലന്റെ അഭിനയജീവിതത്തിലെ നിർണായക കഥാപാത്രങ്ങളിൽ ഒന്നായി മാറുമെന്ന ു വിലയിരുത്തുന്ന ബീഗം ജാനിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഇന്ത്യാ പാകിസ്ഥാൻ വിഭജന ചരിത്രം പറയുന്ന സിനിമയിൽ ഒരു വേശ്യാലയം നടത്തിപ്പുകാരിയായിട്ടാണ് വിദ്യാബാലൻ എത്തുന്നത്.
ബംഗാളിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന സിനിമയുടെ ട്രെയിലർ തന്നെ വൻ ഹിറ്റാണ്. ജാർഖണ്ഡിൽ ഏറെ പ്രയാസങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചായിരുന്നു സംവിധായകൻ ശ്രീജിത്ത് മുഖർജിയും കൂട്ടരും സിനിമ പൂർത്തിയാക്കിയത്.
ഷൂട്ടിംഗിനിടയിൽ കെടുങ്കാറ്റും പേമാരിയുമെല്ലാം വന്ന് പല തവണ സെറ്റ് തകർക്കുകയും വീണ്ടും പണിത് ഷൂട്ടിംഗ് നടത്തുകയുമായിരുന്നു. കൊടുങ്കാറ്റും സെറ്റു തകർച്ചയും എല്ലാം അതീജിവിക്കാൻ സഹായിച്ചത് എല്ലാവരുടേയും കഠിനാധ്വാനവും സിനിമയോടുള്ള അർപ്പണ മനോഭാവവുമായിരുന്നെന്ന് സംവിധായകൻ പറഞ്ഞു. വിദ്യാബാലൻ തന്നെ നായികയായ രാജ് കാഹിനി എന്ന ബംഗാളി സിനിമയുടെ ഹിന്ദി റീമേക്കാണ് ബീഗം ജാൻ.
സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്കെതിരേ നിൽക്കുന്ന ഒരു വേശ്യാലയം നടത്തിപ്പുകാരിയായിട്ടാണ് വിദ്യയെത്തുന്നത്. യുദ്ധവും കലാപവും ആഭ്യന്തര പോരാട്ടങ്ങളുമെല്ലാം സ്ത്രീകൾ എങ്ങനെയാണ് തരണം ചെയ്യുന്നതെന്നു സിനിമ കാണിച്ചു തരുമെന്ന് നിർമാതാവ് മഹേഷ് ഭട്ട് പറയുന്നു. ഇത്തരം വിഷയങ്ങൾ സാധാരണഗതിയിൽ സംവിധായകർ അവഗണിക്കാറാണ് പതിവ്. ഇത്തരം ഒരു സിനിമയുടെ നിർമാതാവ് എന്ന നിലയിൽ അഭിമാനിക്കുന്നെന്നും മഹേഷ്ഭട്ട് പറയുന്നു. ഏപ്രിൽ 14 നാണ് സിനിമ തിയറ്ററിൽ എത്തുന്നത്.