ബോളിവുഡിലെ സൂപ്പർ നായികമാരിൽ ഒരാളാണ് വിദ്യ ബാലൻ. ദേശീയ പുരസ്കാരമടക്കം നേടി തിളങ്ങി നിൽക്കുകയാണ് നടി.
തന്റെ വ്യക്തിത്വംകൊണ്ടും ശ്രദ്ധ നേടിയിട്ടുള്ള ആളാണ് വിദ്യ ബാലൻ. ബോളിവുഡിലെ ഗ്ലാമറസ് ലോകത്ത് തന്റേതായ ഇടം കണ്ടെത്തുക എന്നത് വിദ്യ ബാലനെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല.
ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന വിദ്യ ശരീരഭാരത്തിന്റെ പേരിൽ സിനിമാലോകത്ത് താൻ നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും പരിഹാസങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ കുട്ടിക്കാലത്ത് തനിക്കുണ്ടായിട്ടുള്ള ബോഡി ഇമേജ് പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് വിദ്യ ബാലൻ.
എന്റെ ശരീരഭാരത്തെക്കുറിച്ചുള്ള അമ്മയുടെ ആശങ്കകൾ നേരത്തെതന്നെ ഡയറ്റിംഗിലേക്കും വ്യായാമം ചെയ്യുന്നതിലേക്കും എന്നെ കൊണ്ടെത്തിച്ചു.
അത് ശരീരവുമായി എനിക്കുള്ള ബന്ധത്തെ സ്വാധീനിച്ചു. ഞാനൊരു തടിച്ച പെൺകുട്ടിയാകുമെന്ന ഭയം അമ്മയ്ക്ക് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വലുതാകുമ്പോൾ വണ്ണം വയ്ക്കാതിരിക്കാൻ അമ്മ പലതും ചെയ്യുമായിരുന്നു.
ശരീരഭാരത്തിന്റെ പേരിൽ അമ്മ അനുഭവിച്ചത് പോലുള്ള പ്രശ്നങ്ങൾ എനിക്കും നേരിടേണ്ടി വരുമോ എന്ന് അമ്മ ഭയന്നു. മാതാപിതാക്കൾ എപ്പോഴും മക്കളെ ഓർത്ത് വിഷമിക്കുന്നവരാണ്.
അത് ഇന്ന് എനിക്ക് മനസിലാകുന്നുണ്ട്. എന്നാൽ അന്ന് അമ്മയോട് എനിക്ക് വല്ലാത്ത ദേഷ്യമായിരുന്നു. എന്നെക്കൊണ്ട് എന്തിനാണ് ഇത്രയും വ്യായാമം ചെയ്യിക്കുന്നത്? എന്തിനാണ് എന്നെ ഇപ്പോഴേ ഡയറ്റ് ചെയ്യിക്കുന്നത്?’ എന്നെല്ലാം ഞാൻ ചിന്തിച്ചു. ചിലപ്പോൾ എന്നെ ഓർത്ത് വിഷമിച്ചതുകൊണ്ടാകാം.
എന്റെ ശരീരത്തെ വെറുത്തുകൊണ്ടാണ് ഞാൻ വളർന്നത്. ചെറുപ്പം മുതലേ എനിക്ക് ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇന്നത്തെ നിലയിൽ എന്നെ സ്വയം അംഗീകരിക്കാൻ ഒരുപാട് സമയമെടുത്തു. എനിക്ക് 30-31 വയസുള്ള സമയത്താണ് ഞാൻ പതിയെ എന്നെ സ്വയം അംഗീകരിക്കാൻ തുടങ്ങിയത്. ആ യാത്ര ഇപ്പോൾ മെച്ചപ്പെടുന്നുണ്ട്- വിദ്യ ബാലൻ പറഞ്ഞു.