കൊച്ചി: സിനിമാ താരങ്ങളെ കാണുമ്പോള്‍ കൂടെ നിന്ന് ചിത്രമെടുക്കാന്‍ പലരും ശ്രമിക്കാറുണ്ട്. ചിലര്‍ ഒടുപടി കൂടി കടന്ന് തോളില്‍ കൈയ്യിട്ടും ചിത്രമെടുക്കും. നടന്മാരുടെ കാര്യത്തിലാണെങ്കില്‍ ഇത് ഓകെയാണ്. എന്നാല്‍ നടിമാരുടെ കാര്യത്തിലാണെങ്കിലോ ? മലയാളിയായ ബോളിവുഡ് നടി വിദ്യാബാലന്റെ തോളില്‍ കയ്യിട്ട് ചിത്രമെടുക്കാന്‍ ഒരു യുവാവ് ശ്രമിച്ചപ്പോഴാണ് പണിപാളിയത്.
പുതിയ ചിത്രം ബീഗം ജാന്റെ പ്രമോഷന്റെ ഭാഗമായി സംവിധായകന് ശ്രീജിത്ത് മുഖര്‍ജിക്ക് ഒപ്പം കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു വിദ്യ. കൊല്‍ക്കത്ത വിമാനത്തവളത്തില്‍ വച്ച് ഒരു യുവാവ് വിദ്യയെ സമീപിക്കുകയും ചിത്രമെടുക്കണമെന്ന ആവശ്യപ്പെടുകയും ചെയ്തു. ആയാളുടെ ആവശ്യം വിദ്യ നിരസിച്ചപ്പോള്‍ തോളില്‍ കൈയിട്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് ക്ഷുഭിതയായ വിദ്യ അയാളെ തട്ടിമാറ്റി നടന്നകന്നു. സംഭവം പെട്ടെന്നു തന്നെ ചര്‍ച്ചയാകുകയും ചെയ്തു. ‘ഒരാളുടെ സ്വകാര്യതയില്‍ അതിക്രമിച്ചു കയറാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ല. അനുവാദമില്ലാതെ ഒരാള്‍ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചാല്‍ ഒരു സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും ദേഷ്യം വരും. നടിമാര്‍ പൊതുസ്വത്തല്ലെന്ന് എല്ലാവരും മനസ്സിലാക്കണം’ സംഭവത്തിന് ശേഷം വിദ്യ പ്രതികരിച്ചത് ഇങ്ങനെയാണ്. എന്തായാലും സോഷ്യല്‍മീഡിയയിലൂടെ വിദ്യയെ ധാരാളം ആളുകളാണ് അഭിനന്ദിക്കുന്നത്.