കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്ഷം വിദ്യാകിരണം പദ്ധതി വഴി വിതരണം ചെയ്തത് 2,24,08,500 രൂപ. സാമ്പത്തിക പരാധീനതമൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ (രണ്ടു പേരും/ആരെങ്കിലും ഒരാള്) മക്കള്ക്ക് വിദ്യാഭ്യാസ ധനസഹായം നല്കുന്ന തിനായി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കിയ പദ്ധതിയാണ് വിദ്യാകിരണം.
ഒന്നാം ക്ലാസ് മുതല് പിജി/പ്രഫഷണല് കോഴ്സ് വരെയുള്ള വിദ്യാര്ഥികള്ക്ക് ഒരു അധ്യയന വര്ഷത്തേക്കാണ് (പത്തു മാസം) തുക അനുവദിക്കുന്നത്. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്ക്ക് ഒന്നാം ക്ലാസ് മുതല് അഞ്ചാം ക്ലാസ് വരെ പ്രതിമാസം 300 രൂപയാണ് സ്കോളര്ഷിപ്പായി നല്കുന്നത്.
ആറു മുതല് പത്തു വരെ 500 രൂപയും പ്ലസ് വണ്, പ്ലസ്ടു, ഐ ടി ഐ, തത്തുല്യമായ മറ്റു കോഴ്സുകള്ക്ക് 750 രൂപയും ഡിഗ്രി, പിജി, പോളി ടെക്നിക് തത്തുല്യമായ ട്രെയിനിംഗ് കോഴ്സുകള്, പ്രഫഷണല് കോഴ്സുകള് എന്നിവയ്ക്ക് ആയിരം രൂപയുമാണ് സ്കോളര്ഷിപ്പായി നല്കുന്നത്. 2024- 25 സാമ്പത്തിക വര്ഷത്തില് 4,364 പേരാണ് ഈ പദ്ധതിയില് ഗുണഭോക്താക്കളായത്. ഇപ്രകാരം 2021-22 സാമ്പത്തിക വര്ഷത്തില് 4,544 ഗുണഭോക്താക്കള്ക്ക് 2,29,71,000 രൂപയും, 2022-23 വര്ഷത്തില് 6,078 പേര്ക്ക് 3,00,73,150 രൂപയും , 2023-24 സാമ്പത്തിക വര്ഷത്തില് 3917 പേര്ക്ക് 2,34,04,158 രൂപയും നല്കുകയുണ്ടായി.
സീമ മോഹന്ലാല്