കട്ടപ്പന: വിസ തട്ടിപ്പ് കേസിൽ പ്രതിയായ ആലപ്പുഴ സ്വദേശിനിയെ കട്ടപ്പന പോലീസ് അറസ്റ്റുചെയ്യ്തു.
കട്ടപ്പന സ്വദേശി നൽകിയ പരാതിയിലാണ് ആലപ്പുഴ ചേർത്തല സ്വദേശിനിയായ വിദ്യ പയസ് (32) പിടിയിലായത്. 2019-ലാണ് കേസിനാസ്പദമായ സംഭവം.
ഇസ്രായേലിലേക്ക് പോകാൻ വിസ തയാറാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 27 പേരിൽനിന്നാണ് വിദ്യയുൾപ്പെടുന്ന സംഘം പണം തട്ടിയത്.
ഒരുകോടി 30 ലക്ഷം രൂപ ഇവർ തട്ടിയെടുത്തെന്നാണ് പരാതി. കട്ടപ്പന സ്വദേശിനി പൂതക്കുഴിയിൽ ഫിലോമിന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങിയതോടെ വിദ്യ വിദേശത്തേക്ക് കടന്നു.
തുടർന്ന് എയർപോട്ടുകൾ കേന്ദ്രീകരിച്ച് പോലീസ് ലുക്ക്ഒൗട്ട് നോട്ടീസും നൽകി. കഴിഞ്ഞദിവസം അബുദാബിയിൽ നിന്നും ബംഗളുരു എയർപോർട്ടിലെത്തിയപ്പോഴാണ് പ്രതി പിടിയിലായത്.
കൈപ്പറ്റിയ തുക വിദ്യയുടെ സഹോദരി സോണിയുടെയും ബന്ധുമായ തോമസിന്റെയും അക്കൗണ്ടുകളിലേക്കാണ് നിക്ഷേപിച്ചത്.
കേസിൽ ഇവർ രണ്ടും മൂന്നും പ്രതികളാണ്. കൂട്ടുപ്രതികളായ കണ്ണൂർ സ്വദേശി അംനാസ്, തലശേരി സ്വദേശികളായ മുഹമ്മദ് ഒനാസീസ്, അഫ്സീർ എന്നിവർക്കായും പോലീസ് അന്വേഷണം ഉൗർജിതമാക്കി.
കട്ടപ്പന കോടതിയിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു. കട്ടപ്പന ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിന്റെ നിർദേശത്തെതുടർന്ന് കട്ടപ്പന സിഐ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.