വ്യാപാരിയെ മർദ്ദിച്ച കേസിൽ തെളിവില്ലാത്തതിനെ തുടർന്ന് നടൻ വിദ്യൂത് ജംവാലിനെ കോടതി വെറുതെ വിട്ടു. 2007ലാണ് സംഭവം നടന്നത്. മുംബൈയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് വിദ്യുതിന്റെ സുഹൃത്തുമായി വ്യാപാരി രാഹുൽ സുരി കൂട്ടിയിടിച്ചു. തുടർന്ന് നടന്ന തർക്കത്തിനൊടുവിൽ വിദ്യുത് രാഹുലിന്റെ തലയിൽ കുപ്പി കൊണ്ട് അടിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.
വിദ്യുതിന്റെ സുഹൃത്തും മോഡലുമായ ഹൃശാന്ത് ഗോസ്വാമിയുടെയും പേരിൽ കേസുണ്ട്. നിരവധി തവണ വിദ്യുതിനോട് കോടതിയിൽ ഹാജരാകുവാൻ അറിയിച്ചിരുന്നുവെങ്കിലും നടൻ എത്തിയിരുന്നില്ല. തുടർന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് വിദ്യുത് കോടതിയിലെത്തിയത്.
എന്നാൽ തെളിവില്ലാത്തതിന്റെ അടിസ്ഥാനത്തിൽ നടനെ കോടതി വെറുതെ വിടുകയായിരുന്നു. മുംബൈയിലെ ബാന്ദ്ര മജിസ്ട്രേറ്റാണ് വിധി പറഞ്ഞത്.