അടിമാലി: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അടിമാലി പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാങ്ങോട് പഴവിള കൊടുങ്ങൻചേരി എസ് എസ് കോട്ടേജ് സജീദ് (36), കൊല്ലം കൊട്ടിയം കമ്പിവിള തെങ്ങുവിള മുഹമ്മദ്ഷാ (23), കൊല്ലം തഴുത്തല ഉമയനെല്ലൂർ പേരയം മുണ്ടന്റഴിക അൻഷാദ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഭവം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ഫെബ്രുവരിയിൽ അടിമാലി കല്ലുവെട്ടിക്കുഴി ഷാജഹാൻ(33)നെ വിയറ്റ്നാമിൽ 80000 രൂപ ശമ്പളത്തിൽ ഡിടിപി ഓപ്റേറ്ററായി ജോലി വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രൂപ വാങ്ങി വിസിറ്റിംഗ് വീസയിൽ വിയറ്റ്നാമിൽ എത്തിച്ചു.
അവിടെ ചൈനാക്കാർക്ക് ഇയാളെ വില്പന നടത്തി. ഇയാളെ ചൈനക്കാർ വിയറ്റ്നാമിൽനിന്ന് കമ്പോഡിയയിൽ എത്തിച്ച ശേഷം ഓൺലൈൻ തട്ടിപ്പ് ജോലി ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു. അവിടെ സമാന രീതിയിൽ എത്തിയ മറ്റ് മലയാളികളും ഷാജഹാന്റെ ഒപ്പം ഉണ്ടായിരുന്നു. തട്ടിപ്പ് ജോലി ചെയ്യാതിരുന്നതിനാൽ ഇവരെ മുറിയിൽ പൂട്ടിയിടുകയും ശമ്പളം നൽകാതെയിരിക്കുകയും ചെയ്തിരുന്നു.
ഈ വിവരങ്ങൾ ഷാജഹാൻ വീട്ടിൽ വിളിച്ച് അറിയിച്ചതിനെത്തുടർന്ന് ഷാജഹാന്റെ ഭാര്യാമാതാവ് അടിമാലി പോലീസിൽ കഴിഞ്ഞ മേയിൽ പരാതി നൽകിയിരുന്നു. പിന്നീട് ഷാജഹാൻ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നാട്ടിൽ തിരിച്ചെത്തി. നാട്ടിലെത്തിയ ഷാജഹാൻ ദുബായ്ക്കു ജോലിക്കായി പോകുകയും ചെയ്തു.
സമാനരീതിയിലുള്ള കേസുകൾ സംസ്ഥാനത്ത് മറ്റു പോലീസ് സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് ഇന്റലിജൻസ് ഐജിയുടെ നിർദേശപ്രകാരം അടിമാലി സിഐ പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഒന്നാം പ്രതി സജീദിനെ പാങ്ങോടുനിന്നും രണ്ടാം പ്രതി മുഹമ്മദ് ഷായെ കൊട്ടിയത്തുനിന്നും മൂന്നാം പ്രതി അൻഷാദിനെ വിഴിഞ്ഞത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിഐ പ്രിൻസ് ജോസഫ്, എഎസ്ഐ ഷാജി, സിപിഒമാരായ നിഷാദ്, അജീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.