വിറ്റഴിക്കപ്പെടുന്ന വിയറ്റ്‌നാം സന്തതികള്‍! ചതിയുടെ പൊട്ടാത്ത വലക്കണ്ണികളുമായി എത്തുന്നത് അപരിചിതരല്ല. അയല്‍ക്കാര്‍ മുതല്‍ അടുത്ത ബന്ധുക്കള്‍ വരെ…

ഗിരീഷ് പരുത്തിമഠം
feat1
അവിടെ ചതിയുടെ പൊട്ടാത്ത വലക്കണ്ണികളുമായി  എത്തുന്നത് അപരിചിതരല്ല. അയല്‍ക്കാര്‍ മുതല്‍ അടുത്ത ബന്ധുക്കള്‍ വരെ… കാമുകന്‍ മുതല്‍ കൂടപ്പിറപ്പു വരെ… ഇങ്ങനെ ആരും കെണിയൊരുക്കാം. മധുരത്തില്‍ പൊതിഞ്ഞ വാക്കുകള്‍. ഭാവിയെ കുറിച്ചുള്ള സുന്ദരസ്വപ്നങ്ങള്‍.

വമ്പന്‍ ശമ്പളം ഉറപ്പാക്കുന്ന തൊഴിലില്‍ തുടങ്ങി അല്ലലില്ലാതെയുള്ള ആഡംബരപൂര്‍ണമായ ജീവിതം വരെ നീളുന്ന വാഗ്ദാനങ്ങള്‍. ഇതൊക്കെ മനസിലുടക്കി പോയാല്‍, മറ്റൊന്നു ചിന്തിക്കാന്‍ നേരമില്ലാതായാല്‍, കാര്യങ്ങളൊക്കെ ഏറെക്കുറെ തീരുമാനമായെന്ന് തന്നെ കരുതാം. കിയാബിന്റെയും ലാങിന്റെയും മേ നായ്‌ടെയും ലാനിന്റെയും ഹോങ്തി വാനിന്റെയും ഹെയ്‌നിന്റെയുമൊക്കെ ജീവിതങ്ങള്‍  ഇത്തരത്തിലുള്ള എണ്ണമറ്റ ഉദാഹരണങ്ങളായി വിയറ്റ്‌നാമിനെ വേദനിപ്പിക്കുന്നു.

വധുവിനെ ആവശ്യമുണ്ട്

വടക്കന്‍ വിയറ്റ്‌നാമിലെ ഒരു വിനോദസഞ്ചാര കേന്ദ്രം സന്ദര്‍ശിക്കാമെന്ന സഹോദരന്റെ വാക്കുകളാണ് പതിനാറുകാരിയായ കിയാബിനെ കുടുക്കിയത്. ചൈനയിലെ ഒരു കുടുംബത്തിലേക്ക് അവളെ ഈ സഹോദരന്‍ നിര്‍ദാക്ഷിണ്യം വധുവായി വിറ്റു. സഹോദരന് കൈനിറയെ പണം കിട്ടി. പക്ഷെ, കഷ്ടതകളുടെയും കൊടുംയാതനകളുടെയും കാലമാണ് അവള്‍ക്കായി വിധിക്കപ്പെട്ടത്. വിയറ്റ്‌നാമിന്റെ അതിരുകള്‍ക്കുള്ളില്‍ നിന്നും അറിയാത്ത ദൂരത്തേക്ക് ആനയിക്കപ്പെട്ട അവള്‍ എങ്ങനെയോ ചില സന്നദ്ധ സംഘടനകളുടെ തണലില്‍ അഭയം പ്രാപിച്ചു.

കമ്മ്യൂണിസ്റ്റ് അയല്‍പക്കക്കാരായ വിയറ്റ്‌നാമും ചൈനയും നിയമാനുസൃതമായും അനധികൃതമായുമുള്ള പല കടത്തുകളുടെയും രണ്ട് കണ്ണികളാണ്. അതിര്‍ത്തിപ്രദേശങ്ങളിലെ കുഞ്ഞുങ്ങളും സ്ത്രീകളും ഏതു നിമിഷവും ആര്‍ക്കും വില്‍ക്കപ്പെട്ടേക്കാം എന്ന സ്ഥിതിവിശേഷമാണ് വര്‍ഷങ്ങളായി വിയറ്റ്‌നാമില്‍ നിലനില്‍ക്കുന്നതെന്ന് ലാങ് നിറകണ്ണുകളോടെ പറയുന്നു. കേവലം ഒരു ഉപഭോഗവസ്തു കണക്കെ വില്‍ക്കപ്പെടുന്നതിന്റെ വേദന നന്നായി തിരിച്ചറിഞ്ഞവളാണ് ലാങ്. അവള്‍ ജീവനു തുല്യം സ്‌നേഹിച്ച കാമുകനാണ്  ലാങിനെ ചൈനയിലേക്ക് വിറ്റത്. ഇന്ന് രക്ഷാകേന്ദ്രത്തിലെ അന്തേവാസിയാണെങ്കിലും ഇന്നലെകളില്‍ നേരിടേണ്ടി വന്ന ദുരിതങ്ങളുടെ അധ്യായങ്ങള്‍ അത്ര പെട്ടെന്ന്  മറക്കാനാവുന്നില്ലെന്ന് പതിനെട്ടുകാരിയായ ലാങ് കൂട്ടിച്ചേര്‍ത്തു.

വില ഒരു വിഷയമേയല്ല…
feat2
ഉറക്കമുണര്‍ന്നപ്പോള്‍ ചൈനയിലായി രുന്നു എന്ന് താന്‍ അറിഞ്ഞില്ല.. തിരിഞ്ഞുനോക്കാന്‍ ആഗ്രഹമില്ലെങ്കിലും വിയറ്റ്‌നാമിലെ സുഹൃത്തുക്കളോടും പുതിയ തലമുറക്കാരോടും ഓരോ ചുവടും ജാഗ്രതയോടെ വേണമെന്ന് ലാന്‍ ഓര്‍മിപ്പിക്കുന്നു. ബിരുദ വിദ്യാര്‍ഥിനിയായി രുന്നപ്പോഴാണ് ആ സംഭവം. ഉത്തര വിയറ്റ്‌നാമില്‍ നിന്നുള്ള കൂട്ടുകാരന്റെ ക്ഷണം സ്വീകരിച്ച് ഒരു സത്കാര ചടങ്ങില്‍ സംബന്ധിച്ചു. പാട്ടും നൃത്തവുമൊക്കെ സായാഹ്നത്തിന് കൊഴുപ്പേകി. ഇതിനിടയില്‍ അവര്‍ അവള്‍ക്ക് ഒരു പാനീയം നല്‍കി. ദാഹപരവശയായിരുന്ന ലാന്‍ മുഴുവനും കുടിച്ചു. പിന്നീടൊന്നും അവള്‍ക്ക് ഓര്‍മയില്ല. സ്വബോധം വീണ്ടെടുത്തപ്പോള്‍ ജന്മനാട്ടില്‍ നിന്നും കാതങ്ങള്‍ അകലെയായിരുന്നു.

ചൈനയിലെ  പുരുഷന്മാര്‍ക്കു വേണ്ടിയാണ് വിയറ്റ്‌നാമില്‍ നിന്നും കൊച്ചുസുന്ദരികളെ കടത്തുന്നത്. ചൈനീസ് സ്ത്രീകളെ വിവാഹം ചെയ്യാന്‍  അവിടത്തെ പുരുഷന്മാര്‍ക്ക് ചെലവ് കൂടുതലാണ്. മാത്രമല്ല, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുടെ എണ്ണം വളരെ കുറവും. ഒട്ടുമിക്ക ചൈനീസ് ദമ്പതികള്‍ക്കും ആണ്‍കുഞ്ഞു ങ്ങളോടാണ് പ്രതിപത്തി. പെണ്‍ഭ്രൂണഹത്യ നടത്താന്‍ പലരും തയറാകുന്നത് അടുത്ത കുഞ്ഞ് ആണായിരിക്കും എന്ന പ്രതീക്ഷയിലാണ്. മനുഷ്യത്വത്തോടുള്ള ഏറ്റവും വലിയ ക്രൂരതയായി തന്നെയാണ് ഈ നടപടി കണക്കാക്കപ്പെടുന്നത്. സ്ത്രീകളുടെ തോത് കുറഞ്ഞ സാഹചര്യത്തില്‍ സ്വാഭാവികമായും പല ചൈനീസ് പുരുഷന്മാരും അന്യനാട്ടുകാരികളെ ജീവിതപങ്കാളിയായി സ്വീകരിക്കുന്നു.

ചൈനയുടെ സംസ്കാരവുമായി സാമ്യമുള്ള വിയറ്റ്‌നാമുകാര്‍ക്കാണ് മുന്‍ഗണന. കുറഞ്ഞത് മൂവായിരം ഡോളര്‍ മുതല്‍ വധുവിനെ എത്തിക്കുന്ന ഇടപാടുകാരന് പ്രതിഫലമായി ലഭിക്കും. പ്രസവം കഴിഞ്ഞാലുടന്‍ ഈ വിയറ്റ്‌നാമുകാരിയെ ഏതെങ്കിലും വേശ്യാലയത്തിലേക്കോ ഫാക്ടറിയിലേക്കോ വില്‍ക്കും. എതിര്‍ക്കുന്നവര്‍ക്ക് മൃഗീയമായ മര്‍ദനമുറകളായിരിക്കും പ്രതികരണം. കുടിവെള്ളവും ആഹാരവും പോലും നല്‍കാതെയുള്ള നിരന്തര പീഡനം ജീവനു വരെ ഭീഷണിയായേക്കും.

അക്രമിസംഘങ്ങള്‍ നിയന്ത്രണാതീതം

തന്റെ അമ്മായിയുമൊരുമിച്ച് വയല്‍വരമ്പിലൂടെ നടക്കുകയായിരുന്നു ഹോങ് തി വാന്‍. പെട്ടെന്നാണ് മൂന്നംഗ സംഘം ചാടിവീണത്. അമ്മായിയെ അടിച്ച് നിലത്തു വീഴ്ത്തിയ അക്രമിസംഘം നിറതോക്ക് ചൂണ്ടി അവളെ സമീപത്തെ മലഞ്ചരിവിലേക്ക് വലിച്ചിഴച്ചു.  പോലീസ് വിവരം അറിഞ്ഞ് എത്തുന്നതിനിടയില്‍ അക്രമികള്‍ രക്ഷപ്പെട്ടു. ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ അവര്‍ പിടിക്കപ്പെട്ടു. ഒരാള്‍ വിയറ്റ്‌നാമുകാരനും  രണ്ടു പേര്‍ ചൈനാക്കാരുമാണ്. മുമ്പും പല തവണ അവര്‍ വിയറ്റ്‌നാമില്‍ നിന്നും പെണ്‍കുട്ടികളെയും സ്ത്രീകളെയും ആക്രമിച്ച് കീഴ്‌പെടുത്തി   ചൈനയിലേക്ക് വന്‍തുകയ്ക്ക് വിറ്റിട്ടുണ്ടെന്ന് പോലീസിനോട് സമ്മതിച്ചു.

ചൈനയിലേയ്ക്കു മാത്രമല്ല, കംബോഡിയ, തായ്‌ലണ്ട്, കൊറിയ, മലേഷ്യ, തായ്‌വാന്‍, മകാവു, ബ്രിട്ടണ്‍, അയര്‍ലന്‍ഡ് മുതലായ രാജ്യങ്ങളിലേയ്ക്കും വിയറ്റ്‌നാമിലെ സ്ത്രീകളെയും കുരുന്നുകളെയും ലൈംഗിക ചൂഷണത്തിനും മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ തൊഴിലിടങ്ങളിലേക്കും ഉപയോഗിക്കാന്‍ യഥേഷ്ടം കൊണ്ടുപോകുന്നുണ്ട്.
പത്തുവയസ്സേയുള്ളൂ ഹെയ്‌ന്. എവിടെ നിന്ന് വന്നെന്നോ എവിടെയാണെന്നോ അവന് അറിയില്ല. യുകെ യിലെ കഞ്ചാവ് ഫാക്ടറിയിലെ ഒരു തൊഴിലാളിയാണ് അവന്‍. അമ്മാവന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ സ്കൂളില്‍ നിന്നും അവനെ കൂട്ടിക്കൊണ്ടുപോയത് തീരെ കുഞ്ഞായിരിക്കുമ്പോഴാണ്. ബാങ്കോക്കില്‍ നിന്നും ബ്രിട്ടണിലേക്കുള്ള യാത്രക്കിടയില്‍ എവിടൊക്കെ ചെലവഴിക്കേണ്ടിവന്നു എന്ന് അവന്‍ ഓര്‍ക്കാനും ഇഷ്ടപ്പെടുന്നില്ല.

പല വീടുകളിലും പണിയെടുത്തിട്ടാണ് ഈ ഫാക്ടറിയില്‍ തൊഴിലാളിയായത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന് വിശേഷിപ്പിക്കപ്പെട്ട ബ്രിട്ടണിലെ ലഹരി ഉത്പാദന യന്ത്രശാലകളില്‍ അഹോരാത്രം വിയര്‍പ്പൊഴുക്കുന്ന അസംഖ്യം വിയറ്റ്‌നാം കുട്ടികളിലൊരാളാണ് ഹെയ്ന്‍.

ഇവിടെ വസ്ത്രശാലകളിലും വേശ്യാലയങ്ങളിലുമൊക്കെ വിയറ്റ്‌നാംകാരായ ഇളംതലമുറക്കാരെ കാണാം. വീടുകളില്‍ അടിമകളെപ്പോലെ അധ്വാനിക്കുന്നവരെയും കണ്ടെത്താനാവും. ഉടമകളുടെ മര്‍ദനത്തിനും അവര്‍ പലപ്പോഴും വിധേയരാകുന്നു. കുഴഞ്ഞുവീഴുന്നതു വരെ  മദ്യം ബലമായി കുടിപ്പിക്കുക എന്നതാണത്രെ ചിലരുടെ ഹോബി.

ഇനി വരുന്നൊരു തലമുറയ്ക്ക്…

നിയമം നടപ്പാക്കുന്നതിലെ അപാകതകളും ദാരിദ്ര്യവും നിരക്ഷരതയും തൊഴിലില്ലായ്മയും വിയറ്റ്‌നാമിലെ തീര്‍ത്തും ദു:ഖകരമായ അവസ്ഥകള്‍ക്കു കാരണമായി പറയപ്പെടുന്നു. തൊട്ടുമുമ്പേയുള്ള അഞ്ചു വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍, 2011 മുതല്‍ 2015 വരെയുള്ള കാലയളവില്‍  11.6 ശതമാനം വര്‍ധനവാണ് മനുഷ്യക്കടത്തിലുണ്ടായിരിക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്.

രണ്ടായിരത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4,500 ലധികം പേര്‍ ഇരകളായി. മനുഷ്യക്കടത്തിനെതിരേ നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ വിയറ്റ്‌നാം ഗവണ്‍മെന്റ് ശ്രമിക്കുന്നു.  തദ്ദേശവാസികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ഗവണ്‍മെന്റ് ഈ വര്‍ഷം മുതല്‍ ജൂലൈ 30 മനുഷ്യക്കടത്ത് വിരുദ്ധ ദിനമായി ആചരിക്കുന്നു. എങ്കിലും വിയറ്റ്‌നാമില്‍ നിന്നുള്ള അനധികൃത മനുഷ്യക്കടത്തിന് പൂര്‍ണമായും വിരാമമിടാന്‍ ഇനിയും എത്ര നാള്‍ കഴിയുമെന്നത്  പ്രവചിക്കാനാവില്ല.

Related posts