ചാനല്‍ റിയാലിറ്റി ഷോയുടെ പേരില്‍ എന്തു കോപ്രായങ്ങളും കാണിക്കാമോ? നടന്‍ മണിക്കുട്ടന്‍ അവതാരകനായ സൂപ്പര്‍ ജോഡിയില്‍ അശ്ലീല രംഗങ്ങളുടെ അതിപ്രസരമെന്ന് വിമര്‍ശനം, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

പണ്ട് മലയാളിഹൗസ് എന്നൊരു ഷോയുമായി എത്തിയ ചാനലാണ് സൂര്യ ടിവി. ഒരു വീട്ടില്‍ കുറച്ചു ആണുങ്ങളെയും പെണ്ണുങ്ങളെയും അടച്ചിട്ട് അവരുടെ ചെയ്തികള്‍ ക്യാമറയിലൂടെ ഒപ്പിയെടുത്ത് പ്രേക്ഷകരെ കാണിച്ച പരിപാടിക്കെതിരേ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഫെബ്രുവരിയില്‍ സംപ്രേക്ഷണം തുടങ്ങിയ സൂപ്പര്‍ ജോഡിയാണ് ഇപ്പോള്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത്. സിനിമാ താരങ്ങളായ ശ്വേത മേനോനും മണിക്കുട്ടനും ഒരേ വേദിയില്‍ ഒന്നിക്കുന്ന പരിപാടിയാണിത്. സിനിമാ-സീരിയല്‍ നടിമാരും അവരുടെ ഭര്‍ത്താക്കന്മാരും ഒന്നിക്കുന്ന റൗണ്ടും ഉള്‍പ്പെടുത്തിയാണ് ഷോ.

കഴിഞ്ഞദിവസം സംപ്രേക്ഷണം ചെയ്ത എപ്പിസോഡിലെ രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയിരിക്കുന്നത്. ഷോയിലെ ഒരു ഭാഗമാണ് ജോഡികള്‍ പങ്കെടുക്കുന്ന ഗെയിം. ബലൂണ്‍ പൊട്ടിക്കല്‍ എന്ന ഗെയിമാണ് കഴിഞ്ഞ എപ്പിസോഡില്‍ നടന്നത്. സീരിയല്‍ അഭിനേതാക്കളായ ആണിനെയും പെണ്ണിനെയും പരസ്പരം ചേര്‍ത്തു നിര്‍ത്തി ഇവര്‍ക്ക് നടുക്ക് ബലൂണ്‍ വച്ചശേഷം ഇരുവരെയും ചേര്‍ത്തു കെട്ടുന്നു. പിന്നീട് ഇവരോട് ഇതു പൊട്ടിക്കാന്‍ ആവശ്യപ്പെടുന്നു. കിടപ്പുമുറിയില്‍ മാത്രം കാണിക്കേണ്ട സംഭവങ്ങളാണ് പിന്നീട് അരങ്ങേറുന്നതെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

ഇടയ്ക്ക് മണിക്കുട്ടന്റെ അശ്ലീല കമന്റുകളും രംഗം കൊഴുപ്പിക്കാനുണ്ട്. ഇതിനെ പിന്താങ്ങി ശ്വേതയും. ശരണ്യ ബിനു, ശാലു കുര്യന്‍, വരദ ജിഷിന്‍, ശ്രുതി ലക്ഷ്മി, ദിവ്യ ജയിഷ്, പാര്‍വ്വതി ആര്‍ കൃഷ്ണ, മേഘ്ന വിന്‍സന്റ്, ഡിംപിള്‍ റോസ്, നിമ്മി അരുണ്‍ ഗോപന്‍ എന്നിവരാണ് ഷോയില്‍ പങ്കെടുക്കാനെത്തുന്ന സ്റ്റാര്‍ കപ്പിള്‍സ്. മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ് ചിലര്‍.

Related posts