അടിമാലി: വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് പാറയിൽനിന്നും തെന്നി കൊക്കയിൽ വീണ് മരിച്ചു. കോതമംഗലം ചേലാട് വയലിൽപറന്പിൽ ഷാർളിയുടെ മകൻ ഷിബിൻ (20) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു അപകടം. ഷിബിൻ അടങ്ങുന്ന ആറംഗ സംഘം ശനിയാഴ്ച ഉച്ചയോടെയാണ് മൂന്നാർ സന്ദർശനത്തിനെത്തിയത്. കരടിപ്പാറ വ്യൂ പോയിന്റിന് സമീപത്തെ റിസോർട്ടിൽ മുറിയെടുത്ത് രാത്രി തങ്ങി.
റിസോർട്ടിനുപിന്നിൽ 600 അടിയോളം ഉയരത്തിൽ വലിയ പാറമലയാണ്. ഇന്നലെ രാവിലെ ഉണർന്നപ്പോൾ സംഘം ഈ മല കയറാൻ പോയി. പാറയുടെ മുകളിലെത്തിയാൽ ഇടുക്കിയുടെ പ്രധാന കേന്ദ്രങ്ങളെല്ലാം കാണാം. ഇതിനായി പാറയിലൂടെ കയറുന്നതിനിടെ ഷിബിൻ തെന്നിവീണു. ഉരുണ്ടുവന്ന ഇയാൾ പാറയുടെ ഇടുക്കിൽ വീഴുകയായിരുന്നു.
നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ഉച്ചയോടെ ഇയാളെ കൊക്കയിൽനിന്നും എടുത്ത് അടിമാലി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
ഷിബിൻ കലൂർ ബജാജ് ഫിനാൻസിലെ ജീവനക്കാരനായിരുന്നു. ഷീബയാണ് മാതാവ്. സഹോദരങ്ങൾ: എതിൻ, ഷിജിൻ. സംസ്കാരം ഇന്ന് ഉച്ചയോടെ നടക്കും. വെളളത്തൂവൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.