ന്യൂയോർക്ക്: അഞ്ച് ദശകം മുൻപ് തമിഴ്നാട്ടിൽനിന്നും കാണാതായ 12ാം നൂറ്റാണ്ടിലെ പുരാതന വിഗ്രഹം ന്യൂയോർക്കിൽ.
കുംഭകോണം തണ്ടാൻതോട്ടത്തെ നടനപുരേശ്വരർ ശിവ ക്ഷേത്രത്തിലെ പാർവതി വിഗ്രഹമാണ് ന്യൂയോർക്കിലെ ബോൺഹാംസ് ലേല സ്ഥാപനത്തിൽനിന്ന് കണ്ടെത്തിയത്.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലേല സ്ഥാപനമാണ് ബോൺഹാംസ്. ചെമ്പ്-അലോയ് ലോഹങ്ങൾ കൊണ്ട് നിർമിക്കപ്പെട്ടതാണ് ഈ വിഗ്രഹം. ഇതിന് ഏകദേശം 52 സെന്റിമീറ്റർ ഉയരമുണ്ട്.
1971 ൽ ആണ് വിഗ്രഹം കാണാതായെന്ന് കാട്ടി പോലീസിൽ പരാതി നൽകിയിത്. എന്നാൽ വിഗ്രഹം കണ്ടെത്താനായിരുന്നില്ല.
2019 ൽ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വീണ്ടും പരാതിയുമായി പോലീസിനെ സമീപിച്ചു.
ഐഡൽ വിംഗ് ഇൻസ്പെക്ടർ എം.ചിത്ര അന്വേഷണം ഏറ്റെടുത്തതോടെയാണ് കേസ് വീണ്ടും ചൂടുപിടിച്ചത്.
അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം വിവിധ മ്യൂസിയങ്ങളിലും ലേലശാലകളിലും തെരച്ചിൽ നടത്തി.
വിശദമായ അന്വേഷണത്തിനൊടുവിലാണ് വിഗ്രഹം ബോൺഹാംസ് ലേല സ്ഥാപനത്തിൽനിന്നും കണ്ടെത്തിയത്.