കൊട്ടാരക്കര: ബിജെപി പ്രാദേശിക നേതാവിന്റെ കുടുംബം കേന്ദ്രീകരിച്ച് നടന്ന കോടികളുടെ വിസ തട്ടിപ്പിൽ അഞ്ച് പ്രതികളുടെ അറസ്റ്റിൽ. മുഖ്യപ്രതിയായ പത്തനംതിട്ട കോന്നി ഇളകൊല്ലുർ കിഴവള്ളൂർ കുഴിപറമ്പിൽ വീട്ടിൽ പ്രിൻസ് സക്കറിയ (32), മറ്റൊരു പ്രതിയായ ശ്രീകുമാർ എന്നിവർ ഒളിവിലാണെന്നും റൂറൽ എസ്പി ബി. അശോകൻ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ഒളിവിലുള്ള പ്രിൻസ് സക്കറിയ കേരളത്തിലെ പല ജില്ലകളിലായി 13 ഓളം തട്ടിപ്പ് കേസിൽ പ്രതിയായിട്ടുള്ള ആളാണെന്നും കോഴിക്കോട് സബ് ജയിലിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കൊട്ടാരക്കര, പുലമൺ കോട്ടപ്പുറം വീട്ടിൽ ഹരികൃഷ്ണൻ (24), ഗിരി കൃഷ്ണൻ (21), ഇവരുടെ സഹായികളായ മാന്നാർ എണ്ണക്കാട് നന്ദനം വീട്ടിൽ സന്തോഷ്(38), കുണ്ടറ നെടുമ്പന സ്നേഹാലയം വീട്ടിൽ സുനിൽ (41), കരീപ്ര വാക്കനാട് സുരേഷ് മന്ദിരത്തിൽ സുരേഷ് കുമാർ (കുട്ടൻ-37) എന്നിവരെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദുബായിലെ സ്പിന്നിസ് ഹൈപ്പർ മാർക്കറ്റ്, അൽ -ഷറാവി ഇംഗ്ലീഷ് കമ്പനി, ഗൽദാരി ആട്ടോ മൊബൈൽസ്, എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നൂറു കണക്കിന് ആളുകളെ കബളിപ്പിച്ച് പണം തട്ടിയതായി കൊട്ടാരക്കര പോലീസിൽ പരാതി ലഭിച്ചിരുന്നു. ബിജെപി നേതാവും ഒബിസി മോർച്ച കൊട്ടാരക്കര മണ്ഡലം പ്രസിഡന്റുമായ കോട്ടപ്പുറം ഗോകുലത്തിൽ ബിജുവിന്റെ വീട്ടിൽ വച്ചാണ് തട്ടിപ്പ് നടന്നത്.
സംഭവത്തിൽ പോലീസ് പറയുന്നതിങ്ങനെ: 2017 മാർച്ച് മുതലാണ് ഇവർ തട്ടിപ്പ് തുടങ്ങിയത് . 6000 രൂപ മുതൽ 1ലക്ഷം രൂപ വരെ കൈപറ്റിയായിരുന്നു തട്ടിപ്പ്. വിശ്വാസതയ്ക്ക് വേണ്ടി തുക എഴുതി ഒപ്പിട്ട ചെക്കും നൽകിയിരുന്നു. രണ്ട് മാസത്തിനുള്ളിൽ വിദേശത്തേക്ക് പോകാമെന്ന് പണം നൽകിയവർക്ക് ഉറപ്പും നൽകിയിരുന്നു. കോട്ടപ്പുറത്തെ ഇവരുടെ വീട്ടിൽ പ്രവർത്തിക്കുന്ന ഓഫീസിലാണ് ഹരികൃഷ്ണനും ഗിരി കൃഷ്ണനും സാമ്പത്തിക ഇടപാടുകൾ നടത്തിവന്നിരുന്നത്. മുഖ്യപ്രതിയായ പ്രിൻസ് സ്കറിയ വ്യാജമായി വിസ ഉണ്ടാക്കുകയും അത് ഹരികൃഷണന്റെ മെയിലിൽ അയക്കുകയും ചെയ്തിതിരുന്നു. ഇവർ തങ്ങളുടെ വീട്ടിൽ പ്രവൃത്തിച്ചിരുന്ന ഓഫീസിലെ കളർ പ്രിന്ററിൽ നിന്നും കോപ്പികൾ എടുത്ത് ഉദ്യോഗാർഥികൾക്ക് നൽകി.
ഇങ്ങനെ ദുബായിലെ പല കമ്പനികളിലായി ജോലി വാഗ്ദാനം ചെയ്ത് വിസയ്ക്കുവേണ്ടി അറുപതിനായിരം രൂപ മുതൽ 120000 രൂപവരെ പലരിൽ നിന്നായി ഇവർ കൈപ്പറ്റിയിരുന്നു. ബാക്കി തുക ഗൾഫിൽ ചെന്ന് ജോലിയിൽ പ്രവേശിച്ചതിനുശേഷം നൽകിയാൽ മതിയെന്നുപറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം കൈപ്പറ്റിയത്. വിശ്വാസ്യതയ്ക്ക് വേണ്ടി തുക എഴുതിയ ചെക്ക് ഒപ്പിട്ടു പകരം നൽകുകയും ചെയ്തു.
60 ദിവസത്തിനുള്ളിൽ വിസ ലഭിക്കും എന്ന വാഗ്ദാനവും നൽകി. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വിസ കിട്ടാതായതോടെ അന്വേഷിച്ചപ്പോൾ പല കാരണങ്ങൾ പറഞ്ഞ് ദിവസങ്ങൾ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. കാലാവധി കഴിഞ്ഞിട്ടും വിദേശത്തേക്ക് പോകാൻ കഴിയാതെ വന്നതിനെ തുടർന്ന് പണം തിരികെ ചോദിച്ചപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്.
ഒടുവിൽ ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയാതായതോടെയാണ് ഇവർ പോലീസിൽ പരാതി നൽകിയത്. മുഖ്യ പ്രതിയായ പ്രിൻസ് സ്കറിയ നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയാണ് .മലപ്പുറം ,കോഴിക്കോട്, കൊല്ലം ജില്ലകളിലായി നിലവിൽ തട്ടിപ്പു കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ട്.
തട്ടിപ്പിനിരയായ 360-ൽ പരം ആളുകൾ ഇതിനോടകം തന്നെ കൊട്ടാരക്കര പോലീസിൽ പരാതി നൽകി. പത്താം ക്ലാസ് തോറ്റവർ മുതൽ എൻജിനീയറിംഗ് ബിരുദധാരികൾ വരെ തട്ടിപ്പിന് ഇരയായവരുടെ കൂട്ടത്തിലുള്ളത് വെള്ളിയാഴ്ച രാവിലെമുതൽ പരാതികൾ കിട്ടിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.
പരാതികളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. ഈ കേസിന്റെ തുടർ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര സിഐ അടങ്ങുന്ന 10 അംഗ ടീം രൂപീകരിച്ചതായും കൊല്ലം റൂറൽ എസ്പി അശോകൻ പറഞ്ഞു. മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി റൂറൽ എസ് പി അറിയിച്ചു.