പി.ഏ.പത്മകുമാർ
കൊട്ടാരക്കര: കൊച്ചി മട്ടാഞ്ചേരിയിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ജി.ഡി വിജയകുമാർ ജൻമനാടായ കൊല്ലം ജില്ലയിലും താരമാണിപ്പോൾ.
നവ മാധ്യമങ്ങൾ വഴി ചിത്രങ്ങൾ പങ്കുവെക്കുന്നതും അഭിനന്ദിക്കുന്നതും ദിനംപ്രതി നൂറുകണക്കിനാളുകളാണ്.
ഇപ്പോൾ ചെല്ലാനത്തുണ്ടായ കടൽക്ഷോഭത്തിൽ അദ്ദേഹത്തിതിന്റെ നിസ്വാർഥ സേവനം പോലീസിന്റെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജിൽ ചിത്രം സഹിതം വന്നതോടെയാണ് വിജയകുമാറിന് താരപരിവേഷം കൈവന്നത്.
വെള്ളം കയറിയതുമൂലം വീട്ടിൽ ഒറ്റപ്പെട്ടു പോയ രോഗിയായ വയോധികയെ സന്നദ്ധ പ്രവർത്തകർക്കൊപ്പം കട്ടിലിൽ ചുമന്ന് ആശുപത്രിയിലേക്കു കൊണ്ടു പോവുന്ന ചിത്രമാണ് വൈറലായത്.
പോലീസിന്റെ ഔദ്യോഗിക പേജിൽ വന്ന ചിത്രം ഇപ്പോൾ നവ മാധ്യമങ്ങളിലെല്ലാം പ്രചരിക്കുകയാണ്.
കൊല്ലം അഞ്ചൽ സ്വദേശിയായ ജി.ഡി വിജയകുമാർ 1983 ലാണ് സബ് ഇൻസ്പെക്ടറായി സർവീസിലെത്തുന്നത്.
അടുപ്പമുള്ളവരെല്ലാം ജിഡി എന്നു വിളിക്കുന്ന വിജയകുമാർ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലെല്ലാം പൊതുജനങ്ങളുമായി ആത്മബന്ധം പുലർത്തുന്നയാളാണ്. സ്ഥലം മാറിപ്പോയാലും പഴയ ബന്ധങ്ങൾ നിലനിർത്തുകയും ചെയ്യും.
ദീർഘകാലം കൊട്ടാരക്കരയിൽ സർക്കിൾ ഇൻസ്പെക്ടറായിരുന്ന അദ്ദേഹം നവ മാധ്യമങ്ങൾ വഴി ഇപ്പോഴും കൊട്ടാരക്കരയിൽ സജീവമാണ്.
മുൻപ് ഉണ്ടായ പ്രളയകാലത്ത് ജനങ്ങളുടെ സംരക്ഷണത്തിന് മുന്നണിപ്പോരാളിയായി പ്രവർത്തിച്ചിരുന്നു. ഇടമലയാർ അണക്കെട്ട് ഭീതിയുയർത്തിയിരുന്ന കാലത്ത് ഇടുക്കിയിൽ സേവനമനുഷ്ഠിക്കുമ്പോൾ ജനങ്ങളുടെ ഭീതിയകറ്റാൻ പരമാവധി ശ്രമം നടത്തിയിരുന്നു.
ജനങ്ങളുടെ സേവകനായി നില നിൽക്കുമ്പോഴും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാറില്ല. വേഷപ്പകർച്ച നടത്തി കുറ്റവാളികളെ പിടികൂടിയ നിരവധി സംഭവങ്ങളുണ്ട്.
വിജയകുമാറിന്റെ നിസ്വാർഥ സേവനത്തിന് നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, നൂറോളം ഗുഡ് സർവീസ് എൻട്രിയും ബാഡ്ജ് ഓഫ് ഓണറും ഡോ. അബ്ദുൾ കലാം കർമ രത്നാപുരസ്കാരവും അവയിൽ ചിലതു മാത്രമാണ്. പോലീസിന്റെ സേവനത്തിന് പുതിയ മുഖം നൽകുകയാണ് നാട്ടുകാരുടെ പ്രീയപ്പെട്ട ജിഡി.