കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന നടന് വിജയ്ബാബുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ദുബായില്‍ ഒളിവില്‍ കഴിയുന്ന ഇയാളെ ഏതുവിധേനയും നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ച ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ദുബായിലുള്ള ഇയാളുടെ മേല്‍വിലാസം കണ്ടെത്തുന്നതിനായി ദുബായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേല്‍വിലാസം കണ്ടെത്തിയാലുടന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നു സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
വിജയ്ബാബുവിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് സിറ്റി പോലീസ് ഇ-മെയില്‍ വഴി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇയാള്‍ കീഴടങ്ങാന്‍ തയാറായില്ല. ഇയാള്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
ഈ മാസം 19ന് ഹാജരാകാമെന്നായിരുന്നു അന്വേഷണ സംഘം നല്കിയ നോട്ടീസിന് വിജയ് ബാബുവിന്റെ രേഖാമൂലമുളള മറുപടി.
നിലവിലെ അവസ്ഥയില്‍ 18ന് മധ്യവേനലവധിക്കു ശേഷമേ ഹൈക്കോടതി വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കൂ.
ഹര്‍ജിയില്‍ തീരുമാനം വരാന്‍ പിന്നെയും സമയമെടുക്കുമെന്നതിനാല്‍ 19ന് വിജയ് ബാബു എത്തുമെന്ന് അന്വേഷണ സംഘത്തിന് ഉറപ്പില്ല.
അതേസമയം 2017ല്‍ മറ്റൊരു യുവതിയെ ദുരുപയോഗം ചെയ്തതു സംബന്ധിച്ച് വിജയ്ബാബുവിനെതിരെ ഒരു പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് ഇരയുമായി ആ കേസ് ഇയാള്‍ ഒത്തുതീര്‍പ്പാക്കുകയാണ് ഉണ്ടായത്.