കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന നടൻ വിജയ്ബാബുവിന് ക്രെഡിറ്റ് കാർഡ് നൽകിയത് നടിയോ?
ഇക്കാര്യങ്ങൾ തെളിയിക്കുന്നതിനായി വിജയ്ബാബുവിനെ സഹായിച്ചവരെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് കൊച്ചി സിറ്റി പോലീസ്. സിനിമാരംഗത്തുള്ള രണ്ടു പേരെ കേന്ദ്രീകരിച്ചാണ് നിലവിൽ പോലീ്സ് അന്വേഷണം നടക്കുന്നത്.
രണ്ടു ക്രെഡിറ്റ് കാർഡുകൾ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾ വഴി ദുബായിൽ എത്തിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു.
കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ നിന്ന്
തൃശൂർ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നാണു വിജയ്ബാബുവിന്റെ സുഹൃത്തായ വ്യക്തി നെടുന്പാശേരി വഴി ദുബായിലെത്തി ക്രെഡിറ്റ് കാർഡുകൾ കൈമാറിയത് എന്നാണ് വിവരം.
കൂടാതെ, വിജയബാബുവിനെതിരേ നടി നൽകിയ പരാതി പിൻവലിപ്പിക്കാൻ ശ്രമം നടന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിനിമാമേഖലയിലെ മറ്റൊരാളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ ഇവരെ ചോദ്യം ചെയ്യുമെന്നാണ് പോലീസ് ഉന്നതർ നൽകുന്ന വിവരം.
വിമാന ടിക്കറ്റ് റദ്ദാക്കിയതായി
അതേസമയം 30ന് നാട്ടിലെത്തുമെന്ന് വിജയ്ബാബു ഹൈക്കോടതിയെ അറിയിച്ചിരുന്നുവെങ്കിലും വിമാന ടിക്കറ്റ് റദ്ദാക്കിയതായി അറിയുന്നുവെന്ന് പോലീസ് ഉന്നതർ പറയുന്നു. ഇയാളുടെ ജാമ്യ ഹർജിയിൽ തിങ്കളാഴ്ചയും വാദം തുടരും.
ഈ സാഹചര്യത്തിൽ ഇയാൾ വിദേശത്തുനിന്ന് മടങ്ങാൻ സാധ്യത കുറവാണെന്നാണ് അറിയുന്നത്. ഇയാൾ വിദേശത്തുനിന്ന് എത്തിയാലുടൻ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിയിലേക്ക് പോലീസ് കടന്നിരുന്നു.
കേസെടുക്കുമെന്ന് അറിഞ്ഞ് വിദേശത്തേക്ക് കടന്നു
വിജയ് ബാബു കേസ് രജിസ്റ്റർ ചെയ്യുന്നതിനു മുൻപ് ഇരയായ നടിയെയും അമ്മയെയും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും കേസെടുക്കുമെന്ന് അറിഞ്ഞുകൊണ്ടാണ് ഇയാൾ വിദേശത്തേക്ക് കടന്നതെന്നും പ്രോസിക്യൂഷൻ ഇന്നലെ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി.
പീഡനക്കേസിൽ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് സർക്കാരിനുവേണ്ടി ഹാജരായ അഡി. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് ഇക്കാര്യങ്ങൾ പറഞ്ഞത്.
കേസുണ്ടെന്ന് അറിഞ്ഞല്ല വിദേശത്തേക്കു പോയതെന്നും ദുബായ് സർക്കാരിന്റെ ഗോൾഡൻ വിസ ലഭിക്കുന്നതിനു പേപ്പർ ശരിയാക്കാനാണ് പോയതെന്നും വിജയ് ബാബുവിന്റെ അഭിഭാഷകൻ വാദമുന്നയിച്ചിരുന്നു.
ഇതിനു മറുപടിയായാണ് സർക്കാർ ഇക്കാര്യങ്ങൾ വാദിച്ചത്. താൻ വിദേശത്താണെന്നകാര്യം മറച്ചുവച്ചാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകിയതെന്നും വിദേശത്തുള്ളയാളുടെ മുൻകൂർ ജാമ്യാപേക്ഷ നിയമപരമായി നിലനിൽക്കില്ലെന്നുള്ള വാദവും സർക്കാർ ഉന്നയിച്ചു.
ഉപഹർജിയിൽ താൻ വിദേശത്താണെന്നതടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ ഹർജി നിലനിൽക്കുമെന്നും വിജയ് ബാബുവിന്റെ അഭിഭാഷകൻ മറുപടി നൽകി.
ഏപ്രിൽ 22 ന് ഷൂട്ടിംഗിനായി ഗോവയിലേക്കും അവിടെനിന്ന് ഏപ്രിൽ 24ന് ദുബായിലേക്കും പോയി. കേസുണ്ടെന്ന് അറിഞ്ഞിരുന്നില്ല. നിയമ നടപടികളിൽനിന്ന് ഒളിച്ചോടിയതല്ലെന്നും അഭിഭാഷകൻ വിശദീകരിച്ചു.
ഏപ്രിൽ 19 നാണ് നടിയെയും അമ്മയെയും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതെന്നും പ്രതി മുൻകൂർ ജാമ്യാപേക്ഷയിൽ കൊല്ലത്തെ വിലാസമാണ് നൽകിയതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
നേരത്തെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കണമെങ്കിൽ വിജയ് ബാബു നാട്ടിലെത്തണമെന്ന് സിംഗിൾബെഞ്ച് നിർദേശിച്ചിരുന്നു. ഇതനുസരിച്ച് തിങ്കളാഴ്ച കൊച്ചിയിൽ മടങ്ങിയെത്താനുള്ള ഫ്ളൈറ്റ് ടിക്കറ്റിന്റെ പകർപ്പ് ഹാജരാക്കിയിരുന്നു.