കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബു ഇന്ന് നാട്ടിൽ എത്തില്ല.
ഇയാൾ യാത്ര മാറ്റിയതായി അഭിഭാഷകൻ ഹൈക്കോടതിയെ അറിയിക്കാനാണ് നീക്കമെന്ന് അറിയുന്നു. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഈ നീക്കം.
വിദേശത്തുള്ള വിജയ് ബാബു നാട്ടിൽ എത്താതെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാൻ ആകില്ലെന്ന് കോടതി നേരത്തെ വാക്കാൽ പരാമർശിച്ചിരുന്നു.
വിജയ് ബാബുവിന്റെ മടക്കയാത്ര ടിക്കറ്റ് ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് 30ന് മടക്കയാത്രയ്ക്കു കൊച്ചിയിലേക്കെടുത്ത വിമാന ടിക്കറ്റ് വിജയ് ബാബുവിന്റെ അഭിഭാഷകർ കഴിഞ്ഞ 24ന് ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു.
ഇന്ന് രാവിലെ ഒന്പതിന് ദുബായിൽനിന്ന് എമിറേറ്റ്സിന്റെ വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമെന്നായിരുന്നു ഇതുപ്രകാരം അറിയിച്ചിരുന്നത്.
എന്നാൽ, ഈ വിമാന ടിക്കറ്റ് റദ്ദാക്കിയതായി വിവരം ലഭിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
ഇക്കാര്യം ഇന്ന് പോലീസ് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുൻകൂർ ജാമ്യം ലഭിക്കാനുള്ള തന്ത്രമായിരുന്നു വിമാന ടിക്കറ്റെന്നാണ് നിഗമനം.
ഇയാൾ വിമാനത്താവളത്തിൽ എത്തിയാൽ ഉടൻ പോലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ നടത്തിയിരുന്നു. മുൻകൂർ ജാമ്യഹർജിയിൽ തീർപ്പു നൽകണമെന്നായിരുന്നു വിജയ് ബാബുവിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നത്.
എന്നാൽ വിജയ്ബാബു ഗുരുതരകുറ്റം ചെയ്ത പ്രതിയാണെന്ന് സർക്കാർ അഭിഭാഷകൻ വാദിക്കുകയുണ്ടായി. വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാർച്ച് 16നും 22 നും ഇടയിൽ വിജയ് ബാബു തന്നെ അതിക്രൂരമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണു പുതുമുഖ നടി തേവര പോലീസിൽ പരാതി നൽകിയത്. അതേസമയം പുതിയ സിനിമയിൽ നായികയായി നടിക്ക് അവസരം നിഷേധിച്ചതാണ് ഈ ബ്ലാക്ക് മെയിലിനു പിന്നിലെന്നാണ് വിജയ്ബാബുവിന്റെ ആരോപണം.