കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും.
ജസ്റ്റീസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മാർച്ച് 16 നും 22 നും വിജയ് ബാബു തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് യുവനടി നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കേസിൽ അന്വേഷണം നടക്കുന്നതിനിടെ വിജയ് ബാബു ദുബായിലേക്ക് പോയി. കേസെടുത്ത വിവരം അറിയാതെയാണ് വിദേശത്തേക്ക് പോയതെന്നും ഏപ്രിൽ 22 ന് ഷൂട്ടിംഗിനായി ഗോവയിലേക്കും, അവിടെ നിന്നാണ് ഏപ്രിൽ 24ന് ദുബായിലേക്കു പോയതെന്നും വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
പ്രതി നാട്ടിലെത്തിയശേഷം ഹർജി പരിഗണിക്കാമെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കിയതിനെത്തുടർന്ന് ഇന്നലെ രാവിലെ കൊച്ചിയിലെത്താൻ വിജയ് ബാബു ഫ്ളൈറ്റ് ടിക്കറ്റ് എടുത്തിരുന്നു.
എന്നാൽ സർക്കാരിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചില്ല. നാട്ടിൽ എത്തിയാൽ അറസ്റ്റിലാവുമെന്ന സ്ഥിതിയായതോടെ ഇന്നലെ മടങ്ങിവരാനുള്ള തീരുമാനം വിജയ് ബാബു ഉപേക്ഷിക്കുകയായിരുന്നു. ഇയാൾ ബുധനാഴ്ച കൊച്ചിയിൽ എത്തുമെന്നാണ് നിലവിലെ സൂചന.