കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന നടന് വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടി കൊച്ചി സിറ്റി പോലീസ്.
ഇയാളെ കണ്ടെത്തുന്നതിനായി ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്യൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
അവിടത്തെ പോലീസിന്റെ സഹായത്തോടെ വിജയ്ബാബുവിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ്ബാബുവിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇ-മെയില്‍ വഴി നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സാവകാശം വേണമെന്ന നടന് വിജയ് ബാബുവിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
ഈ മാസം 19ന് ഹാജരാകാമെന്നായിരുന്നു അന്വേഷണ സംഘം നല്കിയ നോട്ടീസിന് വിജയ് ബാബുവിന്റെ രേഖാമൂലമുളള മറുപടി.
നിലവിലെ അവസ്ഥയില്‍ 18ന് മധ്യവേനലവധിക്കു ശേഷമേ ഹൈക്കോടതി വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കൂ.
ഹര്‍ജിയില്‍ തീരുമാനം വരാന്‍ പിന്നെയും സമയമെടുക്കുമെന്നതിനാല്‍ 19ന് വിജയ് ബാബു എത്തുമെന്ന് അന്വേഷണ സംഘത്തിന് ഉറപ്പില്ല.
അതിനിടെ യുവതിയുടെ പീഡന പരാതിക്ക് പിന്നാലെ ഒളിവില്‍പ്പോയ വിജയ് ബാബു ദുബായിലുണ്ടെന്നായിരുന്നു ഇതുവരെ ലഭിച്ചിരുന്ന വിവരം.
ഇത് സ്ഥിരീകരിക്കുന്ന തരത്തില്‍ വിജയ് ബാബുവില്‍ നിന്നു പ്രതികരണം വന്നിരുന്നു. എന്നാല്‍ ഇയാള്‍ ഇന്ത്യയില്‍ തന്നെ ഉണ്ടോയെന്ന് സംശയവും പോലീസ് തള്ളിക്കളയുന്നില്ല.
തമിഴ്നാട്ടില്‍ ഉണ്ടെന്ന സൂചന ലഭിച്ചതോടെ പോലീസ് അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്.