കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബു പീഡനത്തിന് ഇരയായ നടിക്കൊപ്പം ആഢംബര ഹോട്ടലിൽ എത്തിയതിന് സാക്ഷിയായ ഗായകനെയും ഭാര്യയെയും അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും.
കേസിൽ നിലവിൽ 30 സാക്ഷികളിൽനിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ വിജയ് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
ക്രെഡിറ്റ് കാർഡ് നൽകിയത് ഭാര്യ
പീഡന പരാതിയെത്തുടർന്നു ദുബായിൽ ഒളിവിൽ കഴിയുകയായിരുന്ന വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് നൽകാനായി സുഹൃത്തായ നടനെ ഏൽപ്പിച്ചത് വിജയ് ബാബുവിന്റെ ഭാര്യയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.
ദുബായിൽ ഒളിവിൽ കഴിയുന്നതിനിടെ കൈയിൽ ഉണ്ടായിരുന്ന പണം തീർന്നതോടെയാണ് വിജയ് ബാബു സുഹൃത്തായ നടനെ സമീപിച്ചത്.
ഇയാളുടെ ഭാര്യ നൽകിയ ക്രെഡിറ്റ് കാർഡ് സുഹൃത്തായ നടൻ നെടുന്പാശേരി വഴി ദുബായിൽ എത്തിക്കുകയായിരുന്നു. ഈ നടനെ കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിലെ ഇയാളുടെ വീട്ടിലെത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യൽ ഒരു മണിക്കൂറോളം നീണ്ടു. ഈ നടനുമായി വിജയ് ബാബു നടത്തിയ ഫോണ് വിളികളും ചാറ്റുകളുമടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.
മൂന്നു സിനിമ പ്രവർത്തകരെക്കൂടി ചോദ്യം ചെയ്തു
നടനൊപ്പം മറ്റു മൂന്നു സിനിമ നടൻമാരെയും അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുകയുണ്ടായി. ഇവരിൽനിന്ന് നിർണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. ആവശ്യം വന്നാൽ ഇവരെ വീണ്ടും ചോദ്യം ചെയ്തേക്കും.
ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക്
കേസുമായി ബന്ധപ്പെട്ട് വിജയ് ബാബുവിന്റെ രണ്ടു ഫോണുകൾ പോലീസ് പിടിച്ചെടുത്തിരുന്നു. ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇവയുടെ പരിശോധനാഫലം ഈ മാസം അവസാനം ലഭിക്കും. ഫോണിൽ നിന്ന് നിർണായകമായ പല വിവരങ്ങളും ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.