കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് രാവിലെ ഒന്‍പതിന് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിനായി ഇയാൾ ഹാജരായത്.
സൗത്ത് പോലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിജയ്ബാബുവിന് ചോദ്യം ചെയ്യുന്നത്. പ്രതിയുമായി തെളിവെടുപ്പും നടത്തും. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടും.
മുൻകൂർ ജാമ്യം കിട്ടിയ സാഹചര്യത്തിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടികൾ. ഇന്ന് മുതൽ ജൂലൈ മൂന്നു വരെ രാവിലെ ഒന്‍പതു മുതൽ വൈകിട്ട് ആറു വരെയാണ് ചോദ്യം ചെയ്യാൻ അനുമതി.
കഴിഞ്ഞ മാർച്ച് മാസത്തിൽ വിജയ്ബാബു തന്നെ അതിക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ചാണ് പുതുമുഖ നടി സൗത്ത് പോലീസിൽ പരാതി നൽകിയത്.
പോലീസ് കേസെടുത്തതിനു പിന്നാലെ ഇയാൾ ദുബായിലേക്ക് കടന്നു. അവിടെ വച്ച് ഫേസ്ബുക്ക് ലൈവിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തി. തുടർന്ന് ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കൊച്ചി സിറ്റി പോലീസ് നടത്തിയെങ്കിലും വിജയിച്ചില്ല.
പോലീസ് ഇയാൾക്കായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോടതിയിൽ മുൻകൂർ ജാമ്യത്തിനു ശ്രമിച്ച വിജയ്ബാബുവിനോട് നാട്ടിൽ എത്തിയ ശേഷം മുൻകൂർ ജാമ്യത്തെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു കോടതി നിർദേശിച്ചത്.
തുടർന്ന് 39 ദിവസം വിദേശത്തെ ഒളിവു വാസത്തിനുശേഷം ഇയാൾ കഴിഞ്ഞ ജൂണ്‍ ഒന്നിന് കൊച്ചിയിൽ തിരിച്ചെത്തി.
കർശന ഉപാധികളോടെയാണ് കോടതി ഇയാൾക്ക് മുൻകൂർ ജാമ്യം നൽകിയത്.
വിദേശത്ത് കടന്ന് ജാമ്യത്തിന് ശ്രമിച്ചതിൽ തെറ്റില്ലെന്ന് പറഞ്ഞ കോടതി പുതിയ പാസ്പോർട്ട് ലഭിച്ചെങ്കിൽ അത് പോലീസിന് കൈമാറാനും നിർദ്ദേശിച്ചിട്ടുണ്ട്.