കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ്ബാബുവിനെ ചോദ്യം ചെയ്യുന്നത് നാളെ അവസാനിക്കും. ആറാം ദിവസമായ ഇന്നും ചോദ്യം ചെയ്യൽ തുടരുകയാണ്.
മുൻകൂർ ജാമ്യമുള്ളതിനാൽ ഇന്നലെയും ഒന്പതു മണിക്കൂർ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം പരാതിയിൽ പറയുന്ന മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പനന്പള്ളി നഗറിലെ ഫ്ളാറ്റിലും കഴിഞ്ഞദിവസം നഗരത്തിലെ ആഢംബര ഹോട്ടലിലും തെളിവെടുപ്പ് നടത്തിയിരുന്നു.
ഇയാളുടെ വൈദ്യപരിശോധനയും നടത്തുകയുണ്ടായി.വിജയ് ബാബുവിനു മുൻകൂർ ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
അതേസമയം ഉഭയകക്ഷി പ്രകാരമുള്ള ലൈംഗിക ബന്ധം മാത്രമാണ് ഉണ്ടായതെന്ന് വിജയ്ബാബു ആവർത്തിച്ചു.