രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: സാന്പത്തികത്തട്ടിപ്പ് കേസിൽ വിവാദ വ്യവസായി വിജയ് മല്യ ബാങ്കുകളുടെ കണ്‍സോർഷ്യത്തിന് നൽകാനുള്ള നാലു കോടി യുഎസ് ഡോളർ നാലാഴ്ചയ്ക്കുള്ളിൽ തിരികെ നൽകണമെന്ന് സുപ്രീംകോടതി.
കോടതി ഉത്തരവ് ലംഘിച്ച് 2017ൽ മക്കളുടെ പേരിലേക്കു പണം കൈമാറിയതിന് കോടതിയലക്ഷ്യത്തിനു നാലുമാസം തടവും 2000 രൂപ പിഴയും ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോർഷ്യം നൽകിയ ഹർജിയിലാണ് കോടതി വിധി.
വിവിധ ബാങ്കുകൾക്ക് മല്യ നൽകാനുണ്ടായിരുന്ന തുക കൈമാറുന്നതിനും കോടതിയിൽ നേരിട്ടു ഹാജരാകുന്നതിനും 2017ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ, കോടതി ഉത്തരവ് ലംഘിച്ച വിജയ് മല്യ മക്കളുടെ പേരിലേക്ക് പണം കൈമാറുകയും യുകെയിലേക്ക് കടക്കുകയുമായിരുന്നു.
വിജയ് മല്യയുടെ ഉടമസ്ഥതയിലായിരുന്ന കിംഗ്ഫിഷർ എയർലൈൻസിന്റെ പേരിലുള്ള 9,000 കോടിയിലധികം രൂപയുടെ ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്നു നിയമനടപടികൾ നേരിടുന്പോഴാണ് മല്യ രാജ്യം വിട്ടത്
യുകെയിൽനിന്ന് മല്യയെ കൈമാറാൻ അനുമതിയുണ്ടെങ്കിലും മല്യക്കെതിരേ ബ്രിട്ടനിലുള്ള രഹസ്യ നിയമനടപടികൾ കാരണമാണ് അതിനു സാധിക്കാത്തതെന്നു കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു.